India
വിജയിച്ചു, പക്ഷേ സന്തോഷമില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി
India

വിജയിച്ചു, പക്ഷേ സന്തോഷമില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി

Web Desk
|
11 March 2022 2:50 AM GMT

ബിജെപി നേതാക്കള്‍ തന്നെ എതിര്‍ പ്രചാരണം നടത്തിയോ എന്ന ചോദ്യത്തിന് ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് അതനാസിയോ മോണ്‍സെരേറ്റിന്‍റെ പ്രതികരണം

ഗോവയിലെ പനജി മണ്ഡലത്തില്‍ ഇത്തവണ തീപാറും പോരാട്ടമാണ് നടന്നത്. ബിജെപി സ്ഥാനാര്‍ഥി അതനാസിയോ മോണ്‍സരേറ്റും മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന്‍റെ മകന്‍ ഉത്പല്‍ പരീക്കറും തമ്മിലായിരുന്നു പ്രധാന മത്സരം. ഉത്പലിന് ബിജെപി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. 716 വോട്ടിന്‍റെ വ്യത്യാസത്തിലാണ് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത്.

നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും തൃപ്തനല്ലെന്നാണ് അതനാസിയോ മോണ്‍സെരേറ്റിന്‍റെ പ്രതികരണം- "തെരഞ്ഞെടുപ്പ് ഫലത്തിൽ ഞാൻ തൃപ്തനല്ല. പല കടുത്ത ബിജെപി അനുകൂലികളും ഉത്പലിന് വോട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം വോട്ട് കിട്ടിയത്. ഞാൻ ഇക്കാര്യം ബിജെപി നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഭാവിയിൽ അവർ ശ്രദ്ധിക്കണം. സംസ്ഥാന ബിജെപി ഘടകം ജനങ്ങൾക്ക് ശരിയായ സന്ദേശം നൽകിയില്ല. എല്ലാ ബിജെപി നേതാക്കളുമായും ഞാൻ സംസാരിച്ചു. ഞാൻ ബിജെപിക്കൊപ്പമാണ്"

ഗോവയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുമെന്നും അതനാസിയോ മോണ്‍സെരേറ്റ് പറഞ്ഞു. ബിജെപി നേതാക്കള്‍ തന്നെ എതിര്‍ പ്രചാരണം നടത്തിയോ എന്ന ചോദ്യത്തിന് ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് അതനാസിയോ മോണ്‍സെരേറ്റിന്‍റെ പ്രതികരണം.

ഉത്പലിന് പനാജി സീറ്റ് നല്‍കില്ലെന്നും മറ്റൊരു സീറ്റ് നല്‍കാമെന്നുമായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം. ഇതില്‍ പ്രതിഷേധിച്ചാണ് എഞ്ചിനീയറായ ഉത്പൽ പരീക്കർ പനാജിയിൽ സ്വതന്ത്രനായി മത്സരിച്ചത്. തന്റെ പിതാവാണ് ഗോവയിലും പ്രത്യേകിച്ച് പനാജി മണ്ഡലത്തിലും ബിജെപിയുടെ അടിത്തറ പടുത്തുയര്‍ത്തിയതെന്ന് ഉത്പല്‍ പറഞ്ഞു.

അതനാസിയോ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയിലെത്തിയത്. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു മനോഹർ പരീക്കർ. 25 വർഷം പനാജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2019ൽ അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മൊൺസെറേറ്റ് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. മോൺസെറേറ്റ് പിന്നീട് ബിജെപിയിലെത്തുകയായിരുന്നു.

ശിവസേനയും ആം ആദ്മി പാർട്ടിയും ഉത്പല്‍ പരീക്കറിന് തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മനോഹര്‍ പരീക്കറിനോടുള്ള ആദരസൂചകമായി ഉത്പൽ പരീക്കറിനെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് എല്ലാ ബിജെപി ഇതര പാർട്ടികളോടും ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭ്യർഥിച്ചിരുന്നു. എന്നാല്‍ മനോഹര്‍ പരീക്കറുടെ മകനാണെന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയല്ലെന്നായിരുന്നു ഗോവയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫട്‍നാവിസിന്‍റെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് ഉത്‍പല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. അതനാസിയോ മോണ്‍സെരേറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു.

40ല്‍ 20 സീറ്റാണ് ബിജെപി ഗോവയില്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് ഒരു സീറ്റ് കൂടി വേണം. സ്വതന്ത്രരായി ജയിച്ച മൂന്നു പേര്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രമോദ് സാവന്ത് പ്രതികരിച്ചു.

Similar Posts