ഗുജറാത്തിൽ അസി.കമ്മീഷണർ ഓഫീസിൽ ബി.ജെ.പി നേതാവിന്റെ ജന്മദിനാഘോഷം; കേക്ക് മുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ
|വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി.
അഹമ്മദാബാദ്: അസി. പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ബി.ജെ.പി നേതാവിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ഉന്നത ഉദ്യോഗസ്ഥർ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബി.ജെ.പി നേതാവ് ഹിമാൻഷു ചൗഹാനാണ് എഫ് ഡിവിഷൻ എ.സി.പിയുടെ ഓഫീസിൽ ഉദ്യോഗസ്ഥർക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. പുറത്തുവന്ന വീഡിയോയിൽ, കേക്ക് മുറിച്ച ശേഷം പൊലീസുകാർ ബി.ജെ.പി നേതാവിന് 'ഹാപ്പി ബർത്ത്ഡേ' ആശംസിക്കുന്നത് കാണാം. വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ വിചിത്ര ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി.
ഈ മാസം 23നാണ് സംഭവം. മൂന്ന് കേക്കുകളാണ് മേശയിൽ നിരത്തിവച്ചിരിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കാനൻ ദേശായി ഉൾപ്പെടെ 10 പൊലീസ് ഉദ്യോഗസ്ഥരും ചൗഹാനടക്കം രണ്ട് നേതാക്കളും മറ്റ് മൂന്നു പേരുമാണ് കേക്ക് മുറിക്കൽ ചടങ്ങിൽ പങ്കെടുത്തത്. ചൗഹാനെ കൂടാതെ വനിതാ ഉദ്യോഗസ്ഥരും കേക്ക് മുറിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനു ശേഷം ഉദ്യോഗസ്ഥർ ജന്മദിനാശംസകൾ നേരുന്നതും ഒരു കഷ്ണം കേക്ക് ഒരു ഉദ്യോഗസ്ഥ ഇയാളുടെ വായിൽ വച്ച് കൊടുക്കുന്നതും വ്യക്തമാണ്. തുടർന്ന് 'ഭാരത് മാതാ കീ' മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാം.
ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ച് ഗുജറാത്ത് കോൺഗ്രസ് സംസ്ഥാനത്തെ പൊലീസിനും ബി.ജെ.പിക്കുമെതിരെ രംഗത്തെത്തി. 'ബി.ജെ.പിയുടെ പ്രിയപ്പെട്ടവർക്കായി പൊലീസിൻ്റെ പ്രത്യേക സംവിധാനം. ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനമായ കമലത്തിൽനിന്ന് ശമ്പളം വാങ്ങുന്നതുപോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനെ തന്നെ കമലമാക്കി. ബി.ജെ.പി പ്രവർത്തകരുടെയും നേതാക്കളുടേയും ജന്മദിനം ആഘോഷിക്കാൻ കമലത്തിൻ്റെ പ്രത്യേക ക്രമീകരണങ്ങൾ. നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ ക്രമസമാധാനത്തിനു വേണ്ടിയാണോ അതോ കമലം പാർട്ടി ഹാളാണോ? സർക്കാർ ഉത്തരം പറയണം'- ഗുജറാത്ത് കോൺഗ്രസ് എക്‌സ് പോസ്റ്റിൽ കുറിച്ചു.
എന്നാൽ ഇത് ജന്മദിനാഘോഷ ചടങ്ങായിരുന്നില്ലെന്നും സൗജന്യ രക്തദാന ക്യാമ്പിന്റെ വിജയാഘോഷ പരിപാടിയായിരുന്നു എന്നുമാണ് സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥരുടെ വിശദീകരണം. ജന്മദിനം ആഘോഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, കേക്കിൽ ‘ഹാപ്പി ബർത്ത്ഡേ’ എന്ന് എഴുതിയേനെയെന്നും എന്നാൽ അതില്ലായിരുന്നു എന്നുമാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ് മാലിക്കിന്റെ വാദം. സംഭവത്തിൻ്റെ വസ്തുതാപരമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ജൂൺ 23ന് ദരിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമുദായിക സൗഹാർദം വളർത്താനായി നടത്തുന്ന രഥയാത്രയ്ക്ക് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ പ്രദേശവാസികളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഷാഹിബാഗിലെ ആർമി കൻ്റോൺമെൻ്റ് ഏരിയയിൽ നിന്നുള്ള ജവാൻമാരിൽ നിന്നും 670 യൂണിറ്റ് രക്തം സ്റ്റേഷനിൽ സ്വീകരിച്ചു. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും എസിപി എഫ് ഡിവിഷൻ ഓഫീസിൽ യാത്ര ആസൂത്രണം ചെയ്യാൻ ഒത്തുകൂടിയപ്പോൾ പ്രദേശവാസിയായ നുസ്രത്ജഹാൻ ഷെയ്ഖ് രക്തദാന ക്യാമ്പിൻ്റെ വിജയം ആഘോഷിക്കാൻ മൂന്ന് കേക്കുകൾ കൊണ്ടുവരികയും ഞങ്ങളത് മുറിക്കുകയുമായിരുന്നു'- എന്നാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണറേറ്റിന് വേണ്ടി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (കൺട്രോൾ റൂം) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ക്യാമ്പ് സംഘടിപ്പിക്കുന്നതിലും രക്തം സമാഹരിക്കുന്നതിലും ചൗഹാനും പങ്ക് വഹിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ബി.ജെ.പിയുമായി ബന്ധമുള്ള ഭക്തിഗാന ഗായകൻ യോഗേഷ് ഗാധ്വിയും സന്നിഹിതരായിരുന്നു. ചൗഹാൻ്റെ പിറന്നാൾ ദിനമായിരുന്നെന്ന് ഗാധ്വി പറഞ്ഞു. ഇതോടെ കേക്കുകളിലൊന്ന് ചൗഹാനു വേണ്ടി മുറിച്ചതായും പൊലീസ് പ്രസ്താവനയിൽ പറയുന്നു. 'എന്നാൽ മുഴുവൻ പരിപാടിയും ഒരു ജന്മദിനാഘോഷത്തിനായോ രാഷ്ട്രീയമായോ മറ്റെന്തെങ്കിലും കാരണത്തിനോ വേണ്ടി സംഘടിപ്പിച്ചതല്ല'- പൊലീസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.