മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു; ചിതയിലേക്കെടുക്കുംമുൻപ് കണ്ണുതുറന്ന് ബി.ജെ.പി നേതാവ്
|ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്‍റും മുതിർന്ന നേതാവുമാണ് മഹേഷ് ബാഗേൽ
ആഗ്ര: മരണം സ്ഥിരീകരിച്ച് സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ കണ്ണുതുറന്ന് ബി.ജെ.പി നേതാവ്. ആഗ്ര ജില്ലാ ബി.ജെ.പി മുൻ പ്രസിഡന്റ് മഹേഷ് ബാഗേലിനാണു ജീവിതത്തിലേക്ക് അത്ഭുതകരമായ 'തിരിച്ചുവരവ്'. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവം.
നെഞ്ചിൽ അണുബാധയെ തുടർന്ന് ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മഹേഷിനെ. ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് മക്കളായ അഭിഷേകും അങ്കിതും ചേർന്ന് പിതാവിന്റെ 'മൃതദേഹം' വീട്ടിലെത്തിച്ചു. മരണവിവരം അറിഞ്ഞു വീട്ടിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു.
വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഹേഷ് ബാഗേൽ കണ്ണുതുറക്കുന്നത്. ആദ്യം ചുറ്റും കൂടിനിന്നവർക്കൊന്നും വിശ്വസിക്കാനായില്ല. 'മൃതദേഹം' വീട്ടിലെത്തിച്ച് അരമണിക്കൂർ പിന്നിടുമ്പോഴായിരുന്നു ഇത്. ഇതിനു പിന്നാലെ ശരീരം ഇളക്കുകകൂടി ചെയ്തതോടെ അതിശയത്തിലായ ബന്ധുക്കൾ ഡോക്ടർമാരെ വിവരമറിയിച്ചു.
ഉടൻതന്നെ ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ മഹേഷിനു വിദഗ്ധ പരിചരണം നൽകിയിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സഹോദരൻ ലഖാൻ സിങ് ബാഗേൽ അറിയിച്ചു. 'മരണ'വിവരം അറിഞ്ഞ് സമൂഹമാധ്യമങ്ങളിലും മറ്റും അനുശോചനപ്രവാഹം തുടരുന്നതിനിടെയാണ് മഹേഷ് ബാഗേലിന്റെ വിസ്മയകരമായ 'ഉയിർത്തെഴുന്നേൽപ്പ്'.
Summary: Former BJP leader from Uttar Pradesh, Mahesh Baghel, declared dead by doctors in Agra, found alive after brought home