ബി.ജെ.പി നേതാവ് വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ; ഭാര്യ അറസ്റ്റിൽ
|നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടെത്തിയത്
മീററ്റ്: മീററ്റിൽ പ്രാദേശിക ബി.ജെ.പി നേതാവിന്റെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവായ നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് രാത്രി തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. നിശാന്ത് ഗാർഗിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
നിശാന്ത് ഗാർഗും സോണിയയും തമ്മിൽ വഴക്കുണ്ടായെന്നു തന്നെ കൊല്ലാൻ നിഷാന്ത് ശ്രമിച്ചെന്നും സോണിയ പറയുന്നു. നിഷാന്ത് നാടൻ പിസ്റ്റിൽ ഉപയോഗിച്ച് തനിക്ക് നേരെ വെടിയുതിർത്തെന്നും എന്നാൽ പിടിവലിക്കിടെ വെടിപൊട്ടിയപ്പോൾ നിഷാന്തിന് വെടിയേൽക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ സോണിയ പറഞ്ഞതായി എസ്എസ്പി പറഞ്ഞു.
വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് നെഞ്ചിൽ വെടിയേറ്റ നിലയിൽ നിഷാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിഷാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് സോണിയ പൊലീസിനോടടക്കം പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തിയ ഭർത്താവ് തന്നെ മർദിച്ചെന്നാണ് സോണിയ പറയുന്നത്. ഇതിനെതുടര്‍ന്ന് പുലർച്ചെ മൂന്ന് മണിയോടെ താൻ സ്വന്തം വീട്ടിലേക്ക് പോയെന്നും രാവിലെ 6:30 ഓടെവീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നിഷാന്ത് വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടതെന്നുമായിരുന്നു സോണിയ നേരത്തെ പറഞ്ഞിരുന്നത്. ഭർത്താവ് മരിച്ചതുകണ്ട് ഭയന്നുപോയ താൻ പിസ്റ്റൾ ഒളിപ്പിച്ചതായി സോണിയ പൊലീസിനോട് പറഞ്ഞതായി എസ്എസ്പി റിപ്പോർട്ട് ചെയ്തു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. എന്നാൽ സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഭർത്താവിന്റെ നാടൻ പിസ്റ്റളും മൊബൈൽ ഫോണും പൊലീസിനെ ഏൽപ്പിച്ചു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകക്കുറ്റം സമ്മതിച്ചത്. എന്നാൽ നാടൻ തോക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും സോണിയ പറയുന്നു. കൊലപാതകം നടന്ന മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായി എസ്എസ്പി പറഞ്ഞു. ഭാരതീയ ജനതാ യുവമോർച്ചയുടെ റീജിയണൽ യൂണിറ്റിന്റെ സോഷ്യൽ മീഡിയ ഇൻചാർജാണ് നിഷാന്ത്ഗാർഗ്.