India
KS Eshwarappa

കെ.എസ് ഈശ്വരപ്പ

India

കര്‍ണാടക ബി.ജെ.പിയില്‍ തിരിച്ചടി; മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പ സ്വതന്ത്രനായി മത്സരരംഗത്തേക്ക്

Web Desk
|
16 March 2024 6:05 AM GMT

മകന്‍ കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്ച ഷിമോഗയില്‍ തന്‍റെ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വരപ്പ ഇക്കാര്യം അറിയിച്ചത്. തന്‍റെ മകന്‍ കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയെ ഈശ്വരപ്പ കുറ്റപ്പെടുത്തി.

യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്‍റെ മരുമകളും ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീത ശിവരാജ്‍കുമാറാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.യെദ്യൂരപ്പ കുടുബത്തിന്‍റെ പിടിയിലാണ് കര്‍ണാടക ബി.ജെ.പി എന്ന് ഉയര്‍ത്തിക്കാട്ടാന്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.സംസ്ഥാനത്തെ കുടുംബ രാഷ്ട്രീയത്തിൽ ഹിന്ദുത്വ പ്രവർത്തകർക്ക് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ എടുത്തിട്ടുള്ള തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

"ഇത് എൻ്റെ മകനുവേണ്ടിയല്ല, ലക്ഷക്കണക്കിന് പ്രവർത്തകർക്ക് വേണ്ടിയാണ്. പാർട്ടിയുടെ പ്രത്യയശാസ്ത്രം സംരക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കർണാടകയിൽ ഹിന്ദുത്വം നിലനിൽക്കണം, പാർട്ടി ഒരു കുടുംബത്തിൻ്റെ നിയന്ത്രണത്തിലാകരുത്. അതുകൊണ്ട് ഞാൻ ഈ തീരുമാനമെടുത്തു."ഈശ്വരപ്പ വ്യക്തമാക്കി.യെദ്യൂരപ്പയെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ''നിങ്ങളുടെ അനുയായികള്‍ക്ക് മാത്രം ടിക്കറ്റ് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവരുടെ തോൽവിക്ക് നിങ്ങൾ ഉത്തരവാദികളായിരിക്കും.സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കിൽ പാർട്ടി എനിക്ക് നോട്ടീസ് നൽകണം. ഞാൻ വിജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ നേതാക്കൾ എന്നെ വീണ്ടും പാർട്ടിയിൽ ചേർക്കും''.ഷിമോഗ സീറ്റിൽ വിജയിച്ചാൽ പ്രധാനമന്ത്രി മോദിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു."നമുക്ക് മോദിയെ പ്രധാനമന്ത്രിയാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. ജാതി രാഷ്ട്രീയം ഇപ്പോൾ അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. എല്ലാ ജാതിയിൽപ്പെട്ടവരും എന്നെ വിളിക്കുന്നു. എന്നെ ഡൽഹിയിലേക്ക് അയക്കുമെന്ന് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്താൽ എൻ്റെ പരിശ്രമം ലക്ഷ്യത്തിലെത്തും." ഈശ്വരപ്പ പറഞ്ഞു. ശോഭ കരന്ദ്‌ലാജെക്ക് യെദ്യൂരപ്പ ടിക്കറ്റ് ഉറപ്പാക്കി. പക്ഷേ, ഹാവേരി സീറ്റിൽ നിന്ന് ടിക്കറ്റ് തരാമെന്ന് പറഞ്ഞിട്ടും എൻ്റെ മകൻ കാന്തേഷിനോട് അതേ സ്‌നേഹം കാണിച്ചില്ല. എന്താണിതിന് കാരണം. ..അദ്ദേഹം ചോദിച്ചു.

എന്നാല്‍ താൻ ഒരിക്കലും ഈശ്വരപ്പയെ ചതിച്ചിട്ടില്ലെന്നും ഈശ്വരപ്പയുടെ മകൻ കെ.ഇ.ക്ക് ടിക്കറ്റ് നൽകണമെന്ന് പാർട്ടി ഹൈക്കമാൻഡിനോട് പോലും പറഞ്ഞിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. ഈശ്വരപ്പ വിളിച്ച യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഹാവേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബൊമ്മെയാണ് ഹാവേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. കാന്തേഷിനെ ഹാവേരിയില്‍ പരിഗണിക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രി, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുടെ ആവശ്യപ്രകാരമാണ് താന്‍ ഈ സീറ്റില്‍ മത്സരിക്കുന്നതെന്നും ബൊമ്മൈ വ്യക്തമാക്കി. പാര്‍ട്ടിയുടെ വിശ്വസ്തനായ സേവകനാണ് ഈശ്വരപ്പയെന്നും പാര്‍ട്ടിയെ കെട്ടിപ്പെടുത്തവരില്‍ ഒരാളാണെന്നും ബസവരാജ് കൂട്ടിച്ചേര്‍ത്തു.കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കൊപ്പം താനും ഈശ്വരപ്പയുമായി സംസാരിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

Similar Posts