India
Narendra Modi_PM of India
India

'കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കണ്ടുകെട്ടിയത് ഒരു ലക്ഷം കോടിയുടെ സ്വത്തുക്കള്‍'; ഇ.ഡിയെ പ്രശംസിച്ച് മോദി

Web Desk
|
17 March 2024 2:23 PM GMT

ഇ.ഡിയുടെ നടപടിയില്‍ പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

ഡല്‍ഹി: അഴിമതിക്കെതിരായ പ്രവര്‍ത്തനത്തില്‍ ഇ.ഡിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇ.ഡിയുടെ നടപടിയില്‍ പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

'2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2014 വരെ 5000 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയതെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് അത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളായി വര്‍ധിച്ചു. പ്രോസിക്യൂഷന്‍ പരാതികളുടെ എണ്ണവും പത്ത് മടങ്ങ് വര്‍ധിച്ചു'. മോദി പറഞ്ഞു.

'ഭീകരതയ്ക്ക് ഫണ്ട് ചെയ്തവര്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിഞ്ഞു. 1000 കോടി മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്' മോദി വ്യക്തമാക്കി.

'ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചില ആളുകള്‍ പ്രശ്‌നമുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ അവര്‍ രാവും പകലും എന്നെ അധിക്ഷേപിക്കുകയാണ്. പക്ഷേ രാജ്യത്തിന് എന്നോട് ഒരു അനുകമ്പയുമില്ല' - മോദി പറഞ്ഞു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ മാത്രമാണ് ഇ.ഡി കേസുകളെടുക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് ഇല്ലാതാകുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു. അത്തരത്തില്‍ അഴിമതി ആരോപണങ്ങളുള്ള നേതാക്കളെ രക്ഷിച്ചെടുക്കുന്ന 'വാഷിങ് മെഷീനാണ്' ബി.ജെ.പി എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Similar Posts