India
nupur sharma
India

ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലം റായ്ബറേലിയില്‍ നൂപുര്‍ ശര്‍മയെ ഇറക്കാന്‍ ബിജെപി

Web Desk
|
19 March 2024 12:45 PM GMT

പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു

ലഖ്‌നൗ: ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലി പിടിച്ചെടുക്കാന്‍ ബിജെപി വിവാദ നേതാവ് നൂപുര്‍ ശര്‍മയെ ഇറക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സ്ഥാനാര്‍ഥി പട്ടികയില്‍ നൂപുര്‍ ശര്‍മ ഇടം പിടിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2004 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി വിജയിച്ച മണ്ഡലമാണ് റായ്ബറേലി. 2019ല്‍ ഉത്തര്‍പ്രദേശിലെ 62 ലോക്‌സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ആകെ ജയിച്ചത് റായ്ബറേലിയിലാണ്.

രാജ്യസഭയിലേക്ക് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു. പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍ പക്ഷത്ത് നൂപുര്‍ ശര്‍മയുടെ പേര് ഉയരുന്നത്.

2015 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിച്ചാണ് നൂപുര്‍ രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാല്‍ 31000വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍ക്കുകയായിരുന്നു. ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായ നൂപുര്‍ നിരവധി വിവാദ പ്രസ്താവനകളും നടത്തിട്ടുണ്ട്.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം എതിര്‍പ്പ് ഉയരുകയും വലിയ വിവാദമാവുകയും ചെയ്തതോടെ നിര്‍ബന്ധിതമായി പാര്‍ട്ടിയില്‍ നിന്നും ഇവരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

വിദ്യാര്‍ഥി സംഘടനയായ എബിവിപിയിലൂടെയാണ് നൂപുര്‍ ബിജെപിയിലെത്തിയത്. 2008ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിരുന്ന ഇവര്‍ അഭിഭാഷകകൂടിയാണ്. കടുത്ത മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് റായ്ബറേലി. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും പാര്‍ട്ടികളെല്ലാം സസൂക്ഷ്മം നീരീക്ഷിച്ചുവരികയാണ് ഇവിടം. കോണ്‍ഗ്രസും സമാജ്വദി പാര്‍ട്ടിയും സഖ്യത്തിലാണ് ഇവിടെ മത്സരിക്കുന്നത്.

Similar Posts