ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പാർട്ടി വിടുന്നു; കോൺഗ്രസിലേക്കെന്ന് സൂചന
|സോണിയാ ഗാന്ധിയുമായും രാഹുലുമായും പങ്കജ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന നേതാവും ബിജെപി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ കോൺഗ്രസിലേക്കെന്ന് സൂചന. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പങ്കജ കണ്ടതായി ലോക്മത് ന്യൂസ് റിപ്പോർട്ടു ചെയ്തു. പങ്കജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡണ്ട് നാനാ പടോളെ അറിയിച്ചു.
തൊണ്ണൂറുകളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ വനിതാ ശിശു വികസന മന്ത്രിയായിരുന്നു. മഹാരാഷ്ട്ര ബിജെപിയിലെ തീപ്പൊരി നേതാവു കൂടിയാണ്.
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിലാണ് പങ്കജ പാർട്ടിയോട് ഇടയുന്നത്. സംസ്ഥാനത്തെ പ്രബല പിന്നാക്ക വിഭാഗമായ വഞ്ചാരി സമുദായത്തിൽ നിന്നുള്ള നേതാവാണ് ഇവർ. തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ രണ്ടു ശതമാനം സംവരണം പത്തു ശതമാനം ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സമുദായമാണ് വഞ്ചാരികൾ. മറാത്ത്വാഡ, വിധർഭ, പടിഞ്ഞാറൻ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇവരുടെ സാന്നിധ്യം കൂടുതൽ.