പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് രാജിവെച്ചു
|പ്രവാചകനിന്ദയെ പിന്തുണച്ചാൽ എന്നെക്കാൾ വലിയ കുറ്റവാളി വേറെയുണ്ടാകില്ലെന്ന് തബസ്സും മിർസ
രാജസ്ഥാൻ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവ് നുപൂർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സൗത്ത് കോട്ട മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ 14ൽ നിന്നുള്ള ബിജെപി കൗൺസിലർ തബസ്സും മിർസയാണ് പാർട്ടിയുടെ പ്രാഥാമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്. രാജസ്ഥാൻ ബിജെപി സംസ്ഥാന ഘടകം മേധാവി സതീഷ് പൂനിയയ്ക്കും കോട്ട ജില്ലാ പ്രസിഡന്റ് കൃഷൻ കുമാർ സോണിക്കും രാജിക്കത്ത് അയച്ചു.
''പ്രവാചകനെതിരെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ ബിജെപി നേതാക്കൾ നടത്തിയിട്ടും ഞാൻ ബിജെപിയിൽ അംഗമായി തുടരുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്താൽ എന്നെക്കാൾ വലിയ കുറ്റവാളി മറ്റാരുമുണ്ടാകില്ല. ഇപ്പോൾ എനിക്ക് ബോധം വന്നു, എനിക്ക് ഇനി പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയില്ല,''- പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എഴുതിയ രാജിക്കത്തിൽ തബസ്സും മിർസ വിശദമാക്കി. ബിജെപിയിൽ അംഗമായതിൽ ഖേദം പ്രകടിപ്പിക്കുകയാണ്. 'നബി'യെ വിമർശിക്കുന്ന പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും മിർസ രാജിക്കത്തിൽ വ്യക്തമാക്കി.
10 വർഷം മുമ്പാണ് തബസ്സും മിർസ ബിജെപി അംഗമാവുന്നത്. ഇ-മെയിൽ വഴിയും തപാൽ വഴിയും തന്റെ രാജി അറിയിച്ചതായി തബസ്സും മിർസ പറഞ്ഞു. ബിജെപി സംസ്ഥാന ഘടകത്തിനും ജില്ലാ ഘടകത്തിനും രാജിക്കത്ത് അയച്ചതായും മിർസ അറിയിച്ചു. അതേസമയം മിർസയുടെ രാജിക്കത്ത് ഇമെയിൽ വഴിയോ തപാൽ വഴിയോ ലഭിച്ചിട്ടില്ലെന്ന് കോട്ട ബിജെപി ജില്ലാ പ്രസിഡന്റ് കൃഷൻ കുമാർ സോണി വ്യക്തമാക്കി.