മോദിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി; 'പ്രധാനമന്ത്രി കള്ളം പറയുന്നു, പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകൂ'
|നുണകൾ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കി.
ന്യൂഡൽഹി: അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.
'2020ൽ ചൈന എൽഎസി (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ പരിഹസിച്ചു. മോദിയുടെ ഈ നുണ വലിയ തെറ്റാണ്. അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന ജി20 മീറ്റിൽ ഷി ജിൻ പിങ്ങിന് മുന്നിൽ മോദി കുമ്പിടുന്നത് നമുക്ക് കാണാം'- അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ, ഭാരതമാതാവിന്റെ അഖണ്ഡത സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മാറിനിൽക്കണമെന്നും വിരമിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. നുണകൾ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കി. നിരവധി തവണ കേന്ദ്രസർക്കാരിനെ വിമർശിച്ചു രംഗത്തെത്തിയിട്ടുള്ള ബിജെപി നേതാവാണ് സുബ്രഹ്മണ്യൻ സ്വാമി.
അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തി ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയമാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ– ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്.
ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരാഘോഷവേളയിൽ ആയിരുന്നു ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിന് പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
അതിർത്തിക്ക് 70 കിലോമീറ്റർ അകലെ വരെ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ കൂടുതൽ സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ബങ്കറുകൾ, തുരങ്കങ്ങൾ എന്നിവ നിര്‍മിച്ചെന്നതാണ് റിപ്പോർട്ടുകൾ.
ചൈനയുടെ നീക്കങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചൈന ഇന്ത്യയുടെ ഭൂമിയിൽ കടന്നുകയറി പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.