'കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയിലെ അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു'; ഇ.ഡി അന്വേഷണം വേണമെന്ന് സുവേന്ദു അധികാരി
|മയക്കുമരുന്ന് റാക്കറ്റും മരുന്നുകളുടെ കരിഞ്ചന്തയും ഉൾപ്പെടെ എല്ലാത്തരം ക്രമക്കേടുകളും ആശുപത്രിയിൽ വ്യാപകമാണെന്ന് സുവേന്ദു ആരോപിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അഴിമതികളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ആർജിക്ക് സമീപമുള്ള ശ്യാംബസാറിലെ ഫൈവ് പോയിൻ്റ് ക്രോസിംഗിൽ ബംഗാൾ ബി.ജെ.പി നടത്തിയ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് റാക്കറ്റും മരുന്നുകളുടെ കരിഞ്ചന്തയും ഉൾപ്പെടെ എല്ലാത്തരം ക്രമക്കേടുകളും ആശുപത്രിയിൽ വ്യാപകമാണെന്ന് സുവേന്ദു ആരോപിച്ചു. ഇത് വനിതാ ഡോക്ടര്‍ എങ്ങനെയോ അറിഞ്ഞുവെന്നും അതാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അതുകൊണ്ടാണ് അവൾക്ക് ഇത്രയും ക്രൂരമായ അന്ത്യമുണ്ടായത്. സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നു. കുറ്റകൃത്യം നടന്ന രാത്രിയിലെ ഡ്യൂട്ടി റോസ്റ്ററും നശിപ്പിക്കപ്പെട്ടു," അധികാരി പറഞ്ഞു.
അതേസമയം മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് ആർജി കറിൻ്റെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി ബുധനാഴ്ച കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഘോഷിനെതിരെ അഴിമതി വിരുദ്ധ ബ്രാഞ്ചിലും വിജിലൻസ് കമ്മീഷനിലും പരാതി നൽകിയത് താനാണെന്ന് നേരത്തെ അലി പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകി. അലി കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും സംരക്ഷണം തേടിയിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ഘോഷിനെ സിബിഐ ചോദ്യം ചെയ്യുകയാണ്.