ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; രണ്ട് ലക്ഷം മുസ്‍ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി
|പശുവിനെ കൊന്നതിന് പൊലീസ് കേസെടുത്തു
ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള എല്ലാ മുസ്‍ലിംകളെയും കൊന്നൊടുക്കുമെന്ന് പൊലീസുകാരോട് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു.
പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലർ പൊലീസിനെതിരെ കയർക്കുന്നത് വിഡിയോയിൽ കാണാം. ഇതിനിടയിലാണ്, 48 മണിക്കൂറിനുള്ളിൽ നടപടി എടുത്തില്ലെങ്കിൽ ഇവിടെയുള്ള രണ്ട് ലക്ഷം മുസ്‍ലിംകളെയും കൊല്ലുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നത്.
ഇദ്ദേഹത്തിനെതിരെ പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിച്ച് വരികയാണ്. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
വിഡിയോയിൽ കാണുന്ന പൊലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയശേഷം കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ബി.ജെ.പി പ്രവർത്തകർ പൊലീസിന് മുമ്പാകെ പ്രദേശവാസികളെ വിളിച്ചുകൂട്ടി മുസ്‍ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളുടെ പരാതിയിൽ പറയുന്നുണ്ട്. കലാപം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. പ്രദേശത്ത് ഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചതിനും ഭീഷണി പ്രസ്താവന നടത്തിയയാൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഭീഷണി പ്രസ്താവന നടത്തിയയാൾ ബി.ജെ.പിയുടെ ഷാൾ അണിഞ്ഞിരിക്കുന്നത് കാണാം. എന്നാൽ, ഇയാൾ ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകനല്ലെന്നാണ് പൊലീസ് വാദം. കൂടാതെ ബി.ജെ.പിയും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു. ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. തങ്ങൾക്ക് കിട്ടിയ വിവരപ്രകാരം അയാൾ ഫരീദാബാദിൽനിന്നുള്ളയാളാണ്. കുപ്രസിദ്ധിക്ക് വേണ്ടിയാണ് അയാൾ സംഗം വിഹാറിൽ വന്നത്. നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കണം. ഇത്തരം പ്രവർത്തനങ്ങളെ തങ്ങൾ പിന്തുണക്കില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
പശുവിനെ കൊന്ന സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പശുവിന്റെ അവശിഷ്ടങ്ങൾ ക്ഷേത്രത്തിലേക്ക് നായ കടിച്ചു കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പശുവിനെ കൊന്നത് ആരാണെന്നും എന്തെങ്കിലും കൊള്ളരുതായ്മ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച പ്രതിഷേധം ഉണ്ടായതായും എല്ലാവരും തങ്ങളുടെ സമുദായത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായും പ്രദേശവാസി ഷനാഉൽ ഹഖ് പറഞ്ഞു. പൊലീസ് അധികൃതർ തങ്ങളോട് സംസാരിക്കുകയും പരാതി കേൾക്കുകയും ചെയ്തു. വിഡിയോയിലുള്ള ആളെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. അയാൾ ഈ നാട്ടുകാരനല്ലെന്നും ഷനാഉൽ ഹഖ് പറഞ്ഞു.
പശുവിനെ കൊന്ന സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തങ്ങൾ സംഘടിച്ചതെന്ന് പ്രദേശവാസി സാഗർ പ്രസാദ് പറഞ്ഞു. നിയമവിരുദ്ധ പശുവിറച്ചി വ്യാപാരം തടയുക മാത്രമാണ് തങ്ങൾക്ക് വേണ്ടത്. പശുവിനെ കൊന്നവർ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യണമെന്നും സാഗർ പ്രസാദ് പറഞ്ഞു.