'മദ്രസ വിദ്യാർഥികൾക്ക് അവാർഡില്ല, വേണ്ടവർ സൗദിയിലേക്ക് പോകൂ'; യു.പി ബി.ജെ.പി നേതാവ്
|മദ്രസ വിദ്യാർഥികളെ അവഗണിച്ചതിൽ ആദിത്യനാഥ് സർക്കാരിനെതിരെ രംഗത്തെത്തിയ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും എല്ലാ മതങ്ങൾക്കും തുല്യ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലഖ്നൗ: മദ്രസ വിദ്യാർഥികൾക്ക് അവാർഡില്ലെന്നും അങ്ങനെ വേണ്ടവർ സൗദി അറേബ്യയിലേക്ക് പോകൂ എന്നും യു.പിയിലെ ബി.ജെ.പി നേതാവ്. മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മൊഹ്‌സിൻ റാസയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. സംസ്‌കൃതം, സ്റ്റേറ്റ് ബോർഡ് സ്‌കൂളുകളിൽ ഉന്നതവിജയം നേടിയവരെപ്പോലെ മദ്രസാ ബോർഡ് പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ സർക്കാർ ആദരിച്ചില്ലെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെയായിരുന്നു നേതാവിന്റെ പ്രതികരണം.
മദ്രസ വിദ്യാർഥികളെ അവഗണിച്ചതിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രംഗത്തെത്തിയ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും എല്ലാ മതങ്ങൾക്കും തുല്യ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'സംസ്‌കൃത സ്‌കൂളുകളിലെയും യു.പി ബോർഡ് സ്‌കൂളുകളിലെയും മികച്ച കുട്ടികൾക്ക് ഉത്തർപ്രദേശ് സർക്കാർ അവാർഡുകൾ വിതരണം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. സബ്‌കാ സാത്ത് സബ്‌കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്തിയ സർക്കാർ എന്തുകൊണ്ട് മദ്രസാ ബോർഡിലെ കുട്ടികളെ ആദരിക്കുന്നില്ല? അവർക്ക് അവാർഡുകൾ നൽകിയില്ല?'- സേലംപൂർ എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ രമാശങ്കർ രാജ്ഭർ ചോദിച്ചു.
ഭരണഘടന എല്ലാ മതങ്ങളെയും ഭാഷകളേയും സംരക്ഷിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും തുല്യ സംരക്ഷണം ലഭിക്കണമെന്നും കോൺഗ്രസ് രാജ്യസഭാ എം.പി പ്രമോദ് തിവാരി പറഞ്ഞു.
പ്രതിപക്ഷ വിമർശനത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവ് മൊഹ്‌സിൻ റാസ, മതവിദ്യാഭ്യാസത്തിലെ പുരോഗതിക്ക് അവാർഡുകളൊന്നും നൽകുന്നില്ലെന്നും അഭിപ്രായപ്പെട്ടു. 'അങ്ങനെ അവാർഡുകൾ വല്ലതും വേണമെങ്കിൽ സൗദി അറേബ്യയിലേക്ക് പോയ്ക്കൊള്ളൂ. അവാർഡ് അവിടെ കിട്ടും'- മുൻ ന്യൂനപക്ഷക്ഷേമ മന്ത്രിയായ റാസ പറഞ്ഞു. ഇതാണ് വിവാദമായിരിക്കുന്നത്.
യു.പി ബോർഡിൻ്റെ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകുമെന്ന് അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. യു.പി ബോർഡ് ഓഫ് സെക്കൻഡറി സംസ്‌കൃത വിദ്യാഭ്യാസ കൗൺസിൽ, സിബിഎസ്ഇ, സിഐഎസ്‌സിഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിക്കും. 4.73 കോടി രൂപയാണ് അവാർഡുകൾക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
അംഗീകാരമില്ലാത്ത മദ്രസകളിലെ എല്ലാ വിദ്യാർഥികളെയും സർക്കാർ എയ്ഡഡ് മദ്രസകളിൽ പഠിക്കുന്ന മുസ്‌ലിമേതര വിദ്യാർഥികളെയും സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്ന് അടുത്തിടെ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരുന്നു.