അക്ബറുദ്ദീൻ ഉവൈസി പ്രോടേം സ്പീക്കറാണെങ്കിൽ സത്യപ്രതിജ്ഞ ചെയ്യില്ല: രാജാ സിംഗ്
|അക്ബറുദ്ദീനെ പ്രേടേം സ്പീക്കറാക്കി ന്യൂനപക്ഷ പ്രീതി നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ രാജാ സിംഗ്
ഹൈദരാബാദ്: ആൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അക്ബറുദ്ദീൻ ഉവൈസി പ്രോടേം സ്പീക്കാറായാൽ ബിജെപി നേതാക്കൾ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിംഗ്. മൂന്നു വട്ടം ഗോഷാമഹൽ എംഎൽഎയായ രാജാ സിംഗ് വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാനയിലെ പുതിയ സർക്കാർ അക്ബറുദ്ദീനെ പ്രോടേം സ്പീക്കറായി ഇന്ന് നിശ്ചയിച്ചിരുന്നു. നാളെയാണ് തെലങ്കാന നിയമസഭയുടെ പുതിയ സെഷൻ തുടങ്ങുന്നത്. അക്ബറുദ്ദീനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാജാ സിംഗ് സംസാരിച്ചത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'ഖാസിം റസ്വിയുടെ അവിഹിത സന്തതി അക്ബറുദ്ദീൻ ഉവൈസി നാളെ തെലങ്കാന നിയമസഭയിൽ പ്രോടേം സ്പീക്കറാകും. അക്ബറുദ്ദീൻ ഉവൈസിക്ക് മുന്നിൽ എല്ലാവരും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോൺഗ്രസ് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു, ഞാൻ ജീവിക്കുന്ന കാലത്തോളം എഐഎംഐഎമ്മിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ല' രാജ സിംഗ് പറഞ്ഞു.
'2018ലും എഐഎംഐഎം നേതാവിന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് ഞാൻ വിട്ടുനിന്നു. അന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്തില്ല, ഇപ്പോഴുമില്ല' രാജാ സിംഗ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ബിആർഎസിന്റെ പാതയിലാണ് നടക്കുന്നതെന്നും ആരോപിച്ചു.
'സംസ്ഥാനത്ത് ബിആർഎസ് അധികാരത്തിൽ വന്നപ്പോൾ, തങ്ങളുടെ 'കാറിന്റെ' സ്റ്റിയറിംഗ് എഐഎംഐഎമ്മിന്റെ കൈയിൽ ഏൽപ്പിച്ച് അവർ വലിയ തെറ്റ് ചെയ്തു. ഇന്ന് സർക്കാർ ഭൂമി ഇവർ കയ്യേറിയിരിക്കുന്നു. അവർ തെലങ്കാനയിൽ താമസിക്കുന്നു, ഹിന്ദുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു,'' സിംഗ് ആരോപിച്ചു.
ഇയാൾക്ക് മുമ്പിൽ നേതാക്കൾക്ക് എങ്ങനെ തന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമെന്നും രാജാ സിംഗ് ചോദിച്ചു.
അക്ബറുദ്ദീനെ പ്രേടേം സ്പീക്കറാക്കി ന്യൂനപക്ഷ പ്രീതി നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. എഐഎംഐഎം ലീഡറുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്നും പിന്നീട് സ്പീക്കർ വന്ന ശേഷം ചെയ്യുമെന്നും രാജാ സിംഗ് വ്യക്തമാക്കി.
'അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണം'; രാജാ സിംഗിന്റെ വിവാദ പ്രസ്താവന
അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജാ സിംഗ് മുമ്പ് രംഗത്ത് വന്നിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ കഴിഞ്ഞ വർഷം ബിജെപി സസ്പെൻഡ് ചെയ്ത എംഎൽഎ രാമ നവമി ദിനാചരണത്തിലാണ് ഹിന്ദു രാഷ്ട്രത്തിനയുള്ള ആവശ്യം ഉന്നയിച്ചിരുന്നത്. ഹിന്ദു രാഷ്ട്രത്തിനായുള്ള ഭരണഘടന തയ്യാറാക്കണമെന്നും അത് നാം രണ്ട് നമുക്ക് രണ്ടെന്ന രീതിയിലുള്ള ജനങ്ങൾക്ക് മാത്രം വോട്ട് ചെയ്യാനാകുന്നതായിരിക്കുമെന്നും രാമ നവമി ശോഭയാത്രയിൽ സംസാരിക്കവേ രാജാ സിംഗ് വ്യക്തമാക്കി. നാം അഞ്ച് നമുക്ക് അമ്പത് എന്ന രീതിയിലുള്ളവർക്ക് വോട്ടുണ്ടാകില്ലെന്നും വിദ്വേഷ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ എംഎൽഎ പറഞ്ഞു. ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹിയായിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കുമെന്നും സിംഗ് വ്യക്തമാക്കി.
'ഇന്ത്യയിൽ നൂറു കോടി ഹിന്ദു ജനസംഖ്യയുണ്ടായിട്ടും അഖണ്ഡ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നില്ല' രാജാ സിംഗ് പറഞ്ഞു. ലോകത്ത് 50 മുസ്ലിം രാഷ്ട്രങ്ങളുണ്ടെന്നും 150ലേറെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളുണ്ടെന്നും ഇങ്ങനെയിരിക്കേ ഇന്ത്യയെ എന്ത് കൊണ്ടാണ് ഹിന്ദു രാഷ്ട്രമാക്കാൻ പറ്റാത്തതെന്നും എംഎൽഎ ചോദിച്ചു. ബിജെപി ഭരിക്കാത്ത കേരളവും പശ്ചിമ ബംഗാളും ഇസ്ലാമിക രാജ്യങ്ങളാകാൻ പോകുകയാണെന്നും സിംഗ് ആരോപിച്ചു.
വർഷംതോറും രാമനവമിക്ക് രാജാ സിംഗെത്തുന്നു; മുസ്ലിം വിദ്വേഷ ഗാനവുമായി
വർഷംതോറും രാമ നവമി ദിനങ്ങളിൽ മുസ്ലിം വിദ്വേഷവും ഹിന്ദുത്വ ആശയങ്ങളും പ്രചരിപ്പിക്കുന്ന ഗാനങ്ങൾ പുറത്തിറക്കുന്നത് രാജാ സിംഗിന്റെ പതിവാണ്. കഴിഞ്ഞ പ്രാവശ്യം 'ജയ്ൽ കാ താല ടൂഡ് ഗയ, ബാപ് തുമാര ചൂഡ് ഗയ'( ജയിലിന്റെ അഴികൾ പൊട്ടിത്തകർന്നു, നിങ്ങളുടെ നേതാവ് പുറത്തുവന്നു) എന്ന ഗാനമാണ് ഇറക്കിയത്. ഹിന്ദു രാഷ്ട്രത്തിനായുള്ള അവകാശവാദവും ഈ ഗാനത്തിൽ ഉന്നയിക്കുന്നുണ്ട്. 2022ൽ രാമന്റെ പേര് മന്ത്രിക്കാത്ത മുസ്ലിംകളെ ചവിട്ടിപ്പുറത്താക്കണമെന്ന് പറയുന്ന ഗാനമായിരുന്നു ഇയാൾ കൊണ്ടുവന്നത്. ഈ ഗാനങ്ങൾ പല യൂട്യൂബ് ചാനലുകളിൽ അപ്ലോഡ് ചെയ്യുകയും ശോഭ യാത്രയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വീഡിയോയിലൂടെ നടത്തിയ പ്രവാചക നിന്ദയുടെ പേരിൽ പി.ഡി വകുപ്പ് പ്രകാരം രാജ സിംഗ് ജയിലായിരുന്നു. സ്റ്റാൻഡ് അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖിയെ ഷോ നടത്താൻ അനുവദിച്ചതിന്റെ പേരിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം.
രാജാ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്രയിൽ ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം ഗോഡ്സെയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിട്ടുണ്ടെന്നും ആരെങ്കിലും കൊണ്ടുവന്നിരിക്കാമെന്നുമായിരുന്നു എംഎൽഎയുടെ മറുപടി.
Bjp Leaders will not take oath if Akbaruddin Uwaisi becomes pro-term speaker: Raja Singh