ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ 'രക്തം കുടിക്കുന്ന പിശാച്', അതിനെ അധികാരത്തിൽനിന്ന് പുറത്താക്കണം: തെലങ്കാന മുഖ്യമന്ത്രി
|വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പടുത്തുയർത്തിയ ഐക്യവും പരസ്പര സൗഹാർദവും തെരഞ്ഞെടുപ്പ് നേട്ടത്തിനായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെസിആർ പറഞ്ഞു.
ഹൈദരാബാദ്: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. 'രക്തം കുടിക്കുന്ന പിശാച്' എന്നാണ് അദ്ദേഹം കേന്ദ്രസർക്കാറിനെ വിശേഷിപ്പിച്ചത്. ബിജെപി രാജ്യത്തിന് ഭീഷണിയാണ്. അതിനെ പുറത്താക്കാൻ താൻ നേതൃത്വം നൽകും. ഈ പരിശ്രമത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിന് സമീപം കൊംഗരകാലനിൽ പുതിയ കലക്ട്രേറ്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 44 ഏക്കർ സ്ഥലത്ത് 55 കോടി രൂപ മുടക്കിയാണ് പുതിയ കലക്ട്രേറ്റ് നിർമിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാറുകളെ അട്ടമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾ ഭൂരിപക്ഷം നൽകിയ അധികാരത്തിലേറ്റിയ സർക്കാറുകളെ അധികാരം ഉപയോഗിച്ച് അട്ടിമറിക്കുകയാണ്. എംഎൽഎമാർക്ക് 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് തന്റെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണം ഇതിന് ഏറ്റവും പുതിയ തെളിവാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
തെലങ്കാനയിലെ സാമുദായിക സൗഹാർദം തകർക്കാൻ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അവർ വികസനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മൾ വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പടുത്തുയർത്തിയ ഐക്യവും പരസ്പര സൗഹാർദവും തെരഞ്ഞെടുപ്പ് നേട്ടത്തിനായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെസിആർ പറഞ്ഞു.