India
സാമ്പത്തിക നയത്തെ കുറിച്ച് മോദി സർക്കാറിന് വലിയ ധാരണയില്ല; കടന്നാക്രമിച്ച് മൻമോഹൻ സിങ്
India

'സാമ്പത്തിക നയത്തെ കുറിച്ച് മോദി സർക്കാറിന് വലിയ ധാരണയില്ല'; കടന്നാക്രമിച്ച് മൻമോഹൻ സിങ്

Web Desk
|
17 Feb 2022 8:37 AM GMT

"സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പടുത്തുകയാണ് സർക്കാർ"

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്. സാമ്പത്തിക നയങ്ങളെ കുറിച്ച് സർക്കാറിന് വലിയ ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോഴും സർക്കാർ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മൻമോഹന്റെ പ്രതികരണം. എല്ലാ കാര്യങ്ങൾക്കും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'ഇന്നത്തെ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് കാലത്തെ സർക്കാറിന്റെ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക രംഗം ചുരുങ്ങി. വിലയും തൊഴിലില്ലായ്മയും വർധിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ രോഷമുണ്ട്. എന്നാൽ ഏഴു വർഷം ഭരിച്ചിട്ടും സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പടുത്തുകയാണ് സർക്കാർ. പ്രധാനമന്ത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ചരിത്രത്തെയോ രാജ്യത്തെയോ കുറ്റപ്പെടുത്തി നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല.' - മൻമോഹൻ കൂട്ടിച്ചേർത്തു.

'രാജ്യത്ത് പണക്കാർ പണക്കാരും ദരിദ്രർ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ മൂലമാണിത്. വിദേശ നയങ്ങളിലും സർക്കാർ സമ്പൂർണ പരാജയമാണ്. അതിർത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സർക്കാറിന്റെ ശ്രമം. രാഷ്ട്രീയ നേതാക്കൾ ആലിംഗനം ചെയ്തതു കൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതു കൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുത്താനാകില്ല. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണ്. പാലിക്കാൻ പ്രയാസവും' - അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts