India
BJP may drop a quarter of 62 MPs in 2024 election in uttar pradesh
India

ലോക്സഭാ തെരഞ്ഞെടുപ്പ്: യു.പിയില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നാലിലൊന്ന് സിറ്റിങ് എം.പിമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കും

Web Desk
|
13 July 2023 3:17 PM GMT

ഭരണവിരുദ്ധ വികാരം, സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് എന്നിവ കണക്കിലെടുത്താണ് തീരുമാനം

ലഖ്‌നൗ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിമാരില്‍ നാലിലൊന്ന് പേര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചേക്കും. പ്രതിപക്ഷ ഐക്യ നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ സഖ്യകക്ഷികളെ ഉൾക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയും ചില നേതാക്കൾക്കെതിരായ ഭരണവിരുദ്ധ വികാരവും കണക്കിലെടുത്ത് നാലിലൊന്ന് എം.പിമാര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറൻ, കിഴക്കൻ യു.പിയിൽ നിന്നുള്ള ചില കേന്ദ്രമന്ത്രിമാര്‍ ഉൾപ്പെടെയുള്ള എംപിമാരെ വീണ്ടും മത്സരിപ്പിക്കില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. 75 വയസ്സ് കഴിഞ്ഞവര്‍, മണ്ഡലങ്ങളിൽ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തവര്‍, ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടാക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. 2019ല്‍ കരുത്തരായ പ്രതിപക്ഷ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് വിവാദങ്ങളില്‍ അകപ്പെട്ടവര്‍ക്കും സീറ്റ് നല്‍കില്ല. അത്തരത്തിലുള്ള എം.പിമാരുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും സ്ഥാനാർത്ഥി നിർണയത്തിനുള്ള സമയമാകുമ്പോൾ അത് കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് കിട്ടാത്ത കേന്ദ്രമന്ത്രിമാര്‍ക്ക് പിന്നീട് രാജ്യസഭാ സീറ്റ് നൽകിയേക്കും.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 11 എം.പിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്- രാജ്‌നാഥ് സിങ് (ലഖ്‌നൗ), സ്മൃതി ഇറാനി (അമേഠി), മഹേന്ദ്ര നാഥ് പാണ്ഡെ (ചന്ദൗലി), വി.കെ സിങ് (ഗാസിയാബാദ്), സാധ്വി നിരഞ്ജൻ ജ്യോതി (ഫത്തേപൂർ), സഞ്ജീവ് കുമാർ ബലിയാൻ (മുസാഫർനഗർ), പങ്കജ് ചൗധരി (മഹാരാജ്ഗഞ്ച്), എസ്.പി സിങ് ബാഗേൽ (ആഗ്ര), ഭാനു പ്രതാപ് സിങ് വർമ ​​(ജലൗൺ), കൗശൽ കിഷോർ (മോഹൻലാൽഗഞ്ച്), അജയ് കുമാർ മിശ്ര (ഖേരി). 2019ൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികൾക്കും ടിക്കറ്റ് ലഭിച്ചേക്കില്ല.

എം.പിമാരുടെ പ്രകടനം വിലയിരുത്താൻ ബൂത്ത് തലത്തിലെ പ്രവർത്തകരിൽ നിന്ന് ഉള്‍പ്പെടെ ബി.ജെ.പി നേതൃത്വം പ്രതികരണം തേടിയിട്ടുണ്ട്. എം.പി ഫണ്ടിൽ എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ തലത്തിലാണ് ചെലവഴിച്ചതെന്നും വിശകലനം ചെയ്യും. ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും വോട്ടർമാർക്ക് പുതിയ പ്രതീക്ഷ നൽകാനും പുതുമുഖങ്ങളെ രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സർവേ ഏജൻസികളുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുക.

80 എംപിമാരുള്ള ഉത്തര്‍പ്രദേശില്‍ വിജയിക്കുക എന്നത് എല്ലാ പാര്‍ട്ടികള്‍ക്കും പ്രധാനമാണ്. 2019ൽ 62 സീറ്റിലും വിജയിച്ചത് ബി.ജെ.പിയാണ്. സഖ്യകക്ഷിയായ അപ്നാദൾ (എസ്) രണ്ട് സീറ്റില്‍ വിജയിച്ചു. ബി.എസ്.പിയും സമാജ്‍വാദി പാർട്ടിയും ഒരുമിച്ച് മത്സരിച്ചപ്പോൾ ബി.എസ്.പി 10 സീറ്റിലും എസ്.പി അഞ്ച് സീറ്റിലും വിജയിച്ചു. സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലി സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. രാഹുൽ ഗാന്ധി അമേഠിയിൽ ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയേക്കും. എങ്കില്‍ ആ പാര്‍ട്ടിക്ക് സീറ്റ് നല്‍കേണ്ടിവരും. അതുപോലെ നിലവിലെ സഖ്യകക്ഷിയായ നിഷാദ് പാർട്ടിക്കും സീറ്റ് നൽകുന്ന കാര്യം ബി.ജെ.പി പരിഗണിക്കുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിൽ ആർ.എൽ.ഡിയുമായി സഖ്യമുണ്ടാക്കിയാൽ, ജാട്ട് എംപിമാരില്‍ ചിലരെ മാറ്റി ജാട്ട് ഇതര സ്ഥാനാർഥികളെ പരിഗണിച്ചേക്കും. ആർ.എൽ.ഡിയുമായുള്ള സഖ്യത്തിലൂടെ ജാട്ട് വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Summary- The need to accommodate allies as well as anti-incumbency against some of the leaders, the Uttar Pradesh BJP is considering denying tickets to nearly one-fourth of its sitting MPs in the state, for next year’s Lok Sabha polls.

Similar Posts