രാജി അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ തേടി യെദ്യൂരപ്പ
|ഈ മാസം 25ന് എം.എൽ.എമാർക്കായി യെദ്യൂരപ്പ വിരുന്നൊരുക്കും
രാജി അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ തേടി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഈ മാസം 25ന് എം.എൽ.എമാർക്കായി യെദ്യൂരപ്പ വിരുന്നൊരുക്കും. അതേസമയം യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് മറുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പദവി ഒഴിയാൻ ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് എം.എൽ.എമാരെ ഒപ്പം ചേർത്ത് ശക്തി തെളിയിക്കാൻ യെദ്യൂരപ്പ ശ്രമം നടത്തുന്നത്. അധികാരത്തിലെത്തി രണ്ട് വർഷം തികയുന്ന സാഹചര്യത്തിൽ എം.എൽ.എമാർക്കായി വിരുന്ന് സൽക്കാരം നടത്തി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. എം.എൽ.എമാരോടൊപ്പം സാമുദായിക നേതാക്കളുടെയും പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ലിംഗായത്ത് വിഭാഗക്കാരുമായി യെദ്യൂരപ്പ ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയാൽ 20 ലിംഗായത്ത് എം.എൽ.എമാർ പാർട്ടി വിടുമെന്ന സമ്മർദ്ദ തന്ത്രവും യെദ്യൂരപ്പ ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചതായാണ് വിവരം. ലിംഗായത്തിന് പുറമെ കൂടുതൽ സാമുദായിക നേതാക്കൾ യെദ്യൂരപ്പക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. അതേസമയം രാജി ആവശ്യത്തിൽ ദേശീയ നേതൃത്വം ഉറച്ച് നിൽക്കുകയാണെങ്കിൽ മക്കളായ ബി വൈ രാഘവേന്ദ്രക്കും ബി.വൈ വിജയേന്ദ്രക്കും അർഹമായ പദവി നൽകണമെന്ന ഉപാധിയിൽ യെദ്യൂരപ്പ രാജി സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതൽ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ ഉറപ്പിക്കാൻ യെദ്യൂരപ്പക്ക് സാധിച്ചാൽ ദേശീയ നേതൃത്വത്തിന് വെല്ലുവിളിയാകും. അതേസമയം യെദ്യൂരപ്പയുടെ രാജിയിൽ ഉറച്ച് നിൽക്കുകയാണ് മറുപക്ഷം.