India
രാമസേതുവിന്റെ പേരിൽ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; മാപ്പ് പറയണമെന്ന് ഭൂപേഷ് ബാ​ഗേൽ
India

രാമസേതുവിന്റെ പേരിൽ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; മാപ്പ് പറയണമെന്ന് ഭൂപേഷ് ബാ​ഗേൽ

Web Desk
|
25 Dec 2022 1:27 PM GMT

രാമസേതുവിന് വ്യക്തമായ തെളിവില്ലെന്ന് പാർലമെന്റിൽ ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാ​ഗേലിന്റെ പ്രതികരണം.

റായ്പൂർ: രാമസേതുവിന്റെ പേരിൽ ബി.ജെ.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ. ബി.ജെ.പി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയ്ക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകളാൽ നിർമിതമായ പ്രദേശം പുരാണത്തിലെ രാമസേതു ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് പാർലമെന്റിൽ ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാ​ഗേലിന്റെ പ്രതികരണം.

'കോൺഗ്രസ് ഭരണകാലത്ത് ഇതേ കാര്യം പറഞ്ഞപ്പോൾ ബി.ജെ.പി ഞങ്ങളെ രാമവിരുദ്ധർ എന്ന് വിളിച്ചു. ഇപ്പോൾ ഈ രാമഭക്തൻ പാർലമെന്റിൽ പറയുന്നു, രാമസേതുവിന് ശക്തമായ തെളിവുകൾ ഇല്ലെന്ന്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി മാപ്പ് പറയണം'- അദ്ദേഹം ആവശ്യപ്പെട്ടു.

രാമസേതു നിലനിന്നിരുന്നതായി കരുതപ്പെടുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ദ്വീപുകളും ചുണ്ണാമ്പുകല്ലുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവ ഒരു പാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും മന്ത്രി കഴിഞ്ഞദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ബിജെപി എംപി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യഥാർഥത്തിൽ അവിടെ നിലനിന്നിരുന്ന ഘടന കൃത്യമായി ചൂണ്ടിക്കാണിക്കാൻ പ്രയാസമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ സീതയെ രാവണനിൽ നിന്നു രക്ഷിക്കാനായി സമുദ്രലംഘനം ചെയ്തുണ്ടാക്കിയ പാലമാണിതെന്നാണ് ഇതിനെ കുറിച്ചുള്ളൊരു ഐതിഹ്യം.

അതേസമയം, 2021ൽ രാമസേതുവിന്റെ ഉത്ഭവം നിർണയിക്കാൻ അണ്ടർവാട്ടർ റിസേർച്ച് പ്രൊജക്ടിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. രമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു, അല്ലെങ്കിൽ രൂപപ്പെട്ടു എന്നത് നിർണയിക്കാനാണ് ഗവേഷണം നടത്തുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതിയാണ് ഗവേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.

കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കുക്കിടയിൽ വലിയ ചർച്ചാവിഷയമായ രാമസേതു പതിറ്റാണ്ടുകളായി രാഷ്ട്രീയ, മത, പാരിസ്ഥിതിക തർക്കങ്ങളുടെ കേന്ദ്രബിന്ദുവാണ്.

Similar Posts