‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’; വിവാദ പ്രസ്താവനയുമായി തെലങ്കാനയിലെ ബിജെപി എംഎൽഎ
|‘പള്ളി സന്ദർശിക്കുന്നതിന് പിന്നിൽ ഇടതുപക്ഷത്തിെൻറ ഗൂഢാലോചന’
ഹൈദരാബാദ്: ശബരിമല തീർഥാടകർ വാവർ പള്ളി സന്ദർശിക്കരുതെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ്. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നത് പതിറ്റാണ്ടുകളായുള്ള പതിവാണ്. നക്സലൈറ്റുകളും ഇടതുപക്ഷവും സിപിഎമ്മും നടത്തിയ ഗൂഢാലോചനയാണ് ഈ പതിവിന് പിന്നിലെന്ന് രാജാ സിങ് ആരോപിച്ചു.
അയ്യപ്പ ഭക്തർ വാവർ പള്ളി കൂടി സന്ദർശിച്ചാൽ മാത്രമേ തീർഥാടനം പൂർത്തിയാകൂ എന്ന കിംവദന്തി ഇവർ പരത്തുകയാണ്. ഇവരുടെ ഗൂഢാലോചനയിൽ അയ്യപ്പ ഭക്തർ ഇരയാകുന്നു.
നമ്മൾ എങ്ങോട്ടാണ് പോകുന്നത്? നമ്മൾ ഒരു കെണിയിൽ വീഴുകയല്ലേ? ശവക്കല്ലറകൾക്ക് മുന്നിൽ ഹിന്ദുക്കൾ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യരുതെന്ന് ഹിന്ദുമതത്തിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെന്ന് അയ്യപ്പ ഭക്തർ മനസ്സിലാക്കണമെന്നും രാജാ സിങ് പറഞ്ഞു.
മുമ്പും നിരവധി വിവാദ-വിദ്വേഷ പ്രസ്താവനകൾ നടത്തിയയാളാണ് രാജാ സിങ്. തെലങ്കാന ഗോഷാമഹൽ എംഎൽഎയാണ് ഇദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകളിൽ നിന്ന് വോട്ട് തേടരുതെന്നും പകരം ഗോമാതാവിനെ സംരക്ഷിക്കുന്നവരിൽ നിന്നേ വോട്ട് തേടാവൂ എന്നും ഇദ്ദേഹം മഹാരാഷ്ട്രയിൽ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
ഹലാൽ ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത രാജാ സിങ്, സംസ്ഥാനത്ത് ബുൾഡോസർ രാജ് നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലാൻഡ് ജിഹാദ്, ലവ് ജിഹാദ്, ഗോഹത്യ... ആരാണ് നമ്മെ ധിക്കരിക്കാൻ തുനിയുന്നതെന്ന് നമുക്ക് കാണാമെന്നും രാജാ സിങ് പറഞ്ഞു.
ലവ് ജിഹാദ് വർധിക്കുകയാണെന്നും കേരളത്തിലും കർണാടകയിലും തീവ്രവാദികളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. കൂടാതെ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെ രാജാ സിങ് പ്രസംഗത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു.