പ്രവാചക അധിക്ഷേപ പരാമർശം; ബിജെപി എം.എൽ.എ അറസ്റ്റിൽ
|വീഡിയോ പുറത്ത് വന്നതോടെ തെലങ്കാന എം.എൽ.എ രാജാസിംഗിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്
തെലങ്കാന: പ്രവചകനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എയെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ബിജെപി എം.എൽ.എ രാജാസിംഗിനെതിരെയാണ് തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്തുവിട്ടതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
രാജാ സിംഗ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സിറ്റി പോലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ബഷീർ ബാഗിലെ കമ്മീഷണർ ഓഫീസിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് എം.എൽ.എക്കെതിരെ കേസെടുത്തത്.
കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ രാജാ സിംഗ് ഒരു 'കോമഡി' വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിർത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് എം.എൽ.എയെ ഭവീട്ടുതടങ്കലിലാക്കിയിരുന്നു.
മുനവർ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇയാൾ പറഞ്ഞു. മുനവർ ഫാറൂഖിക്കും മാതാവിനും എതിരെ പറയുകയും ചെയ്തു. ഇതിനോടൊപ്പമാണ് പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും എം.എൽ.എ നടത്തിയത്.