സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു; ബിജെപി സ്ഥാനർത്ഥി ബസനഗൗഡക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
|വിഷകന്യകയെന്നാണ് ബസനഗൗഡ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്
സോണിയ ഗാന്ധിയെ അധിക്ഷേപിച്ച ബിജെപി സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ബീജാപ്പൂർ സിറ്റി ബിജെപി സ്ഥാനാർഥി ബസനഗൗഡ ആർ പാട്ടീലിനാണ് നോട്ടീസ് അയച്ചത്. വിഷകന്യകയെന്നാണ് ബസനഗൗഡ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബി.ജെ.പി എം.എൽ.എ ആയ ബസനഗൗഡയുടെ പരാമർശം.
''ലോകം മുഴുവൻ നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ഒരിക്കൽ അദ്ദേഹത്തിന് വിസ നിഷേധിച്ചു. പിന്നീട് അവർ അദ്ദേഹത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. ഇപ്പോൾ കോൺഗ്രസ് മോദിയെ മൂർഖനോട് ഉപമിക്കുന്നു, അദ്ദേഹം വിഷം ഛർദിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. സോണിയാ ഗാന്ധി ഒരു വിഷകന്യകയാണോ? അവർ ചൈനയുടെയും പാക്കിസ്താന്റെയും ഏജന്റാണ്''-കൊപ്പാലിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് സ്ഥാനാർഥിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കോൺഗ്രസ് ചിട്ടാപ്പൂർ സ്ഥാനാർത്ഥി പ്രിയങ്കിനാണ് നോട്ടീസ്. നാളെ വൈകുന്നേരം 5 മണിക്കകം ഇരുവരും വിശദീകരണം നൽകണം.
വ്യാഴാഴ്ചയായിരുന്നു ഖാർഗെയുടെ വിവാദ പ്രസ്താവന. മോദി ഒരു വിഷപ്പാമ്പിനെപ്പോലെ ആണെന്നും അത് പരിശോധിക്കാനായി നക്കി നോക്കിയാൽ നിങ്ങൾ മരിച്ചുപോവുമെന്നുമായിരുന്നു ഖാർഗെ പറഞ്ഞത്. തന്റെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഖാർഗെ രംഗത്തെത്തി. താൻ വിഷപ്പാമ്പിനോട് ഉപമിച്ചത് ബി.ജെ.പിയെ ആണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ അത് നക്കി നോക്കാൻ ശ്രമിച്ചാൽ മരിച്ചുപോകും. ഒരിക്കലും മോദിയെ കുറിച്ചല്ല പറഞ്ഞത്. താൻ വ്യക്തിപരമായ പരാമർശങ്ങൾ നടത്താറില്ല. അവരുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണ് എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ പറഞ്ഞു.