India
മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു: നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ വര്‍ഗീയ പരാമര്‍ശം
India

'മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു': നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ വര്‍ഗീയ പരാമര്‍ശം

Web Desk
|
19 Sep 2021 4:37 AM GMT

മുസ്‍ലിംകള്‍ ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുകയാണെന്നാണ് എംഎല്‍എ ആരോപിച്ചത്

മുസ്​ലിംകൾ 'ലാൻഡ്​ ജിഹാദ്​' നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ. രാജസ്ഥാനിലെ മാൽപുരയി​ൽ ലാന്‍ഡ് ജിഹാദ് നടക്കുന്നുവെന്നാണ് ബിജെപി എംഎല്‍എ കനയ്യ ലാലിന്‍റെ ആരോപണം. നിയമസഭയിലാണ് എംഎല്‍എ ഈ ആരോപണം ഉന്നയിച്ചത്.

മാൽപുര പെട്ടെന്ന് അസ്വസ്ഥതകളുണ്ടാകുന്ന പ്രദേശമാണ്. 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറിലധികം പേർ മരിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ എംഎല്‍എ പറഞ്ഞു.

'ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ മുസ്‍ലിംകള്‍ കാമ്പെയിന്‍ നടത്തുകയാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന വിലയ്ക്കാണ്​ വാങ്ങുന്നത്​. അനധികൃതമായി വാങ്ങുന്ന ഈ വീടുകളിൽ അവർ താമസിക്കാൻ തുടങ്ങുന്നു. തുടർന്ന് എല്ലാ ദിവസവും ഹിന്ദുക്കളായ അയല്‍വാസികളുമായി വഴക്കുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു. ഹിന്ദു പെൺകുട്ടികളെയടക്കം ആക്ഷേപിക്കുന്നു​. ഇത് അരക്ഷിതവും ഭീതിജനകവുമായ അന്തരീക്ഷത്തിലേക്ക് നാടിനെ തള്ളിവിട്ടു. ഈ ഭാഗത്തുനിന്ന്​ 600-800 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്​തു'- എംഎല്‍എ ആരോപിച്ചു.

മുസ്​ലിംകള്‍ കൂടുതലുള്ള 9 വാര്‍ഡുകളില്‍ നിന്നാണ് ഈ പലായനമെന്നും എംഎല്‍എ ആരോപിച്ചു. രണ്ട്​ വാർഡുകളിൽ ജൈന ക്ഷേത്രങ്ങളുണ്ട്​. ഇവിടത്തെ വഴികളിൽ എല്ലുകള്‍ ഉപേക്ഷിക്കുന്നു​. മാൽപുര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത്തരം പ്രവൃത്തികള്‍​ തടയാൻ കർശനമായ നിയമം കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

മാൽപുരയിൽനിന്ന് ഹിന്ദു കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്ന്​ ബിജെപി നേതൃത്വവും ആരോപിക്കുകയുണ്ടായി​. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവര്‍ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.

Similar Posts