ത്രിവർണ ഓട്ടോ മുഖ്യമന്ത്രിക്ക്, ഒന്ന് പൈലറ്റ് വാഹനവും രണ്ടെണ്ണം എസ്‌കോർട്ടിനും; കെജ്‌രിവാളിന് അഞ്ചു ഓട്ടോറിക്ഷ നൽകി ബി.ജെ.പി എം.എൽ.എ
|ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പൊലീസ് തടഞ്ഞതിനെ തുടർന്ന് കെജ്‌രിവാൾ തർക്കത്തിലേർപ്പെട്ടിരുന്നു
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പൊലീസ് തടഞ്ഞതിനെ തുടർന്ന് തർക്കത്തിലേർപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അഞ്ചു ഓട്ടോറിക്ഷകൾ നൽകി ബിജെപി എംഎൽഎ. രാം വീർ സിങ് ബിഥൂരിയാണ് സി.എം ഡൽഹി, സി.എം എസ്‌കോർട്ട്, പൈലറ്റ് എന്നിങ്ങനെ എഴുതിയ ഓട്ടോകൾ കെജ്‌രിവാളിന് പ്രതീകാത്മകമായി നൽകാനെത്തിയത്. ഡൽഹി ഫ്‌ളാഗ്‌സ്റ്റാഫ് റോഡിലെ വസതിയിലെത്തിയാണ് ഡൽഹിയിൽ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഓട്ടോ നൽകിയത്.
'27 വാഹനങ്ങളടങ്ങുന്ന വ്യൂഹമുണ്ടായിട്ടും ഗുജറാത്തിൽ കെജ്‌രിവാൾ ഓട്ടോയിൽ സഞ്ചരിച്ച് നാടകം കളിച്ചു. അതുകൊണ്ട് ഡൽഹിയിലും ഓട്ടോയിൽ സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കാനുള്ള അവസരം ഉണ്ടാക്കാനായി ഈ ഓട്ടോകൾ സമ്മാനിക്കുകയാണ്' ബിഥൂരി പറഞ്ഞു. ത്രിവർണത്തിലുള്ള ഓട്ടോ മുഖ്യമന്ത്രിക്കും ഒന്ന് പൈലറ്റ് വാഹനവും രണ്ടെണ്ണം എസ്‌കോർട്ടിനും ഒന്ന് പ്രൈവറ്റ് സെക്രട്ടറിക്കുമാണെന്നും അദ്ദേഹം പരിഹസിച്ചു.
ഈ ആഴ്ചയുടെ ആദ്യത്തിൽ ഗുജറാത്തിലെത്തിയ കെജ്‌രിവാൾ ഓട്ടോ ഡ്രൈവറുടെ വീട് സന്ദർശിച്ചിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഓട്ടോ ഡ്രൈവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ യാത്ര തടയാൻ ശ്രമിച്ച പൊലീസുകാരനും കെജ്‌രിവാളും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു. സുരക്ഷാ പ്രശ്‌നം പറഞ്ഞായിരുന്നു പൊലീസുകാരൻ തടയാൻ ശ്രമിച്ചത്.
'ഞാൻ ജനപ്രതിനിധിയാണ്, എന്നാലെനിക്ക് പൊതുജനങ്ങൾക്കിടയിൽ പോകാനാകില്ലെന്ന് നിങ്ങൾ പറയുന്നു. ഇത് ഗുജറാത്തിലെ സുരക്ഷയിലെ പ്രശ്‌നമാണ്' തർക്കത്തിനിടെ കെജ്‌രിവാൾ പറഞ്ഞു.
BJP MLA gave five autorickshaws to Delhi cm Aravind Kejriwal