ആസ്തി 3383.06 കോടി! അഞ്ച് വർഷം കൊണ്ട് വൻ വർധന; വരുമാനത്തിൽ ഞെട്ടിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ
|കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 575% വർധനയാണ് ആസ്തിയില്‍ രേഖപ്പെടുത്തിയത്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ധനിക സ്ഥാനാര്‍ഥിയായി ബിജെപിയുടെ സിറ്റിങ് എംഎല്‍എ പരാഗ് ഷാ. 3383.06 കോടി രൂപയാണ് ഷായുടെ ഇപ്പോഴത്തെ ആസ്തി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 575% വർധനയാണ് ആസ്തിയില്‍ രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷായുടെ ആസ്തി 550.62 കോടി രൂപയായിരുന്നു.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2002ൽ റിയൽ എസ്റ്റേറ്റ് മേഖലയില്‍, മാൻ ഇൻഫ്രാ കൺസ്ട്രക്ഷൻ ലിമിറ്റഡ് എന്ന കമ്പനി അദ്ദേഹം സ്ഥാപിച്ചിരുന്നു. വരുമാനത്തിൻ്റെ ഭൂരിഭാഗവും ഓഹരികളായും മറ്റ് നിക്ഷേപങ്ങളായുമാണ്.
മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ഷാ. എംഎൽഎ ആകുന്നതിന് മുമ്പ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) കോർപ്പറേറ്ററായിരുന്നു അദ്ദേഹം.
അതേസമയം 2019ലെ വരുമാനത്തിൽ നിന്നും വൻ കുതിച്ചുചാട്ടമുണ്ടായ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്ത് എത്തി. ഉദ്ധവ് വിഭാഗം ശിവസേന രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദിയാണ് ഇക്കാര്യം എക്സില്‍ പങ്കുവെച്ചത്.
"പരാഗ് ഷാ - ബിജെപി; 2019ൽ പ്രഖ്യാപിച്ച ആസ്തി 500.62 കോടി, 2024ലെ ആസ്തി 3383.06 കോടി"- ഇങ്ങനെയായിരുന്നു പ്രിയങ്ക ചതുർവേദിയുടെ കുറിപ്പ്.
അതേസമയം മഹാരാഷ്ട്രയിലെ 288 അസംബ്ലി സീറ്റുകളിലേക്ക് ഭരണകക്ഷിയായ മഹായുതി സഖ്യത്തിലും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ (എംവിഎ)നിന്നും ഉൾപ്പെടെ 8,000 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മഹാരാഷ്ട്രയിൽ നവംബർ 20 നാണ് തെരഞ്ഞെടുപ്പ്. 23 ന് ഫലം പ്രഖ്യാപിക്കും.