India
BJP MLA Nitesh Rane Telangana legislator Raja Singh booked for hate speech
India

വിദ്വേഷ പ്രസംഗം; രണ്ട് ബി.ജെ.പി എം.എൽ.എമാർക്കെതിരെ മഹാരാഷ്ട്രയിൽ കേസ്

Web Desk
|
7 Jan 2024 12:12 PM GMT

മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ, തെലങ്കാന എം.എൽ.എ ടി. രാജാ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മുംബൈ: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എമാർക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ, തെലങ്കാന എം.എൽ.എ ടി. രാജാ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസ്.

സാക്കൽ ഹിന്ദു സമാജ് ആയിരുന്നു റാലി സംഘടിപ്പിച്ചത്. ലവ് ജിഹാദ് തടയാനും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുമായി അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. ''ലവ് ജിഹാദിനും ഗോഹത്യക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറാവണം. സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ ഞങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും. ഈ ജിഹാദികളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഞങ്ങൾ അതുകൊണ്ട് കളിക്കും''-രാജാ സിങ് പറഞ്ഞു.

''ലവ് ജിഹാദിന്റെ പേരിൽ ഞങ്ങളുടെ സഹോദരിമാർക്കും പെൺമക്കൾക്കുമെതിരെ പീഡനമല്ലേ നടക്കുന്നത്? അവരെ കെണിയിൽ വീഴ്ത്തി കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള മെഷീനാക്കി മാറ്റുകയാണ്''- രാജാ സിങ് ആരോപിച്ചു.

മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. മുസ്‌ലിം വ്യാപാരികളിൽനിന്ന് സോപ്പോ ബിസ്‌ക്കറ്റോ ഗോതമ്പ് പൊടിയോ വാങ്ങിയാൽ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കണം. ഹലാൽ ഉത്പന്നമാണെങ്കിൽ അത് വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസ്താവനയുടെ പേരിൽ കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബി.ജെ.പി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ച് ഘോഷാമഹൽ മണ്ഡലത്തിൽ മത്സരിപ്പിക്കുകയായിരുന്നു.

നിതേഷ് റാണെ, രാജാ സിങ്, സാക്കൽ ഹിന്ദു സമാജ് നേതാവായ സുധാകർ മഹാദേവ് ബഹിർവാദെ തുടങ്ങി 10 പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഐ.പി.സി 153എ, 295എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

Similar Posts