![BJP MLA shares photo of black magic setup targeted against him BJP MLA shares photo of black magic setup targeted against him](https://www.mediaoneonline.com/h-upload/2023/10/02/1391007-bjp.webp)
ദുർമന്ത്രവാദികൾ തന്നെ ലക്ഷ്യമിടുന്നതായി യു.പി ബിജെപി എം.എൽ.എ; ആരോപണം 'കൂടോത്ര ചിത്രം' പങ്കുവച്ച്
![](/images/authorplaceholder.jpg?type=1&v=2)
ചുവന്ന തുണിയിട്ട പാത്രവും അതിൽ കുറെ വിത്തുകളും എം.എൽ.എയുടെ ഫോട്ടോയും പണവും മറ്റുമാണ് ചിത്രത്തിൽ ഉള്ളത്.
ലഖ്നൗ: ദുർമന്ത്രവാദികൾ തന്നെ ലക്ഷ്യമിടുന്നെന്ന ആരോപണവുമായി യു.പിയിലെ ബിജെപി എം.എൽ.എ. മുഹമ്മദി മണ്ഡലത്തിലെ എം.എൽ.എ ലോകേന്ദ്ര പ്രതാപ് സിങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ലക്ഷ്യമിട്ടുള്ള ദുർമന്ത്രവാദത്തിനുള്ള സജ്ജീകരണമാണെന്ന് അവകാശപ്പെടുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് എം.എൽ.എയുടെ ആരോപണം.
ചുവന്ന തുണിയിട്ട പാത്രവും അതിൽ കുറെ വിത്തുകളും എം.എൽ.എയുടെ ഫോട്ടോയും പണവും മറ്റുമാണ് ചിത്രത്തിൽ ഉള്ളത്. സിന്ദൂരം അടങ്ങിയ ഒരു ചെറിയ പാത്രം, തവിട്ട് നിറമുള്ള ദ്രാവകം നിറച്ച ഒരു കുപ്പി, മുറിച്ച കുമ്പളങ്ങ എന്നിവയും പാത്രത്തിന് സമീപം കാണാം.
എന്നാൽ, താൻ ശിവഭക്തനായതിനാൽ ഈ 'തന്ത്രങ്ങളെ' ഭയപ്പെടുന്നില്ലെന്ന് സിങ് പറഞ്ഞു. ശാസ്ത്രീയ മുന്നേറ്റങ്ങൾ ചന്ദ്രനിൽ എത്താൻ ആളുകളെ പ്രാപ്തരാക്കുന്ന കാലഘട്ടത്തിൽ ഇത്തരം ആചാരങ്ങളിലെ തന്റെ അവിശ്വാസവും സിങ് പ്രകടിപ്പിച്ചു.
"നമ്മൾ ചന്ദ്രനിലെത്തി, എന്നിട്ടും ചിലർ മന്ത്രവാദത്തിൽ വിശ്വസിക്കുന്നു. ദൈവം അവർക്ക് ജ്ഞാനം നൽകട്ടെ"- സിങ് പോസ്റ്റിൽ പറയുന്നു. ഇപ്പോഴും ഇത്തരം തന്ത്രങ്ങൾ അവലംബിക്കുന്നവരെ വിമർശിച്ച ബിജെപി എം.എൽ.എ അത്തരക്കാരുടെ മാനസികാവസ്ഥ വികലമാണെന്നും പറഞ്ഞു.