'പറ്റിപ്പോയ തെറ്റുകൾക്ക് മാപ്പ്..' തെരഞ്ഞെടുപ്പ് വേദിയിൽ ഏത്തമിട്ട് ബി.ജെ.പി എം.എൽ.എ
|നാടിന് വേണ്ടി ഒന്നും ചെയ്യാത്ത എം.എൽ.എക്കെതിരെ ജനവികാരം ഉയർന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നീക്കം
തെരഞ്ഞെടുപ്പ് റാലിയുടെ നടുവിൽ വോട്ടർമാർക്ക് മുന്നിൽ ഏത്തമിട്ട് മാപ്പ് പറഞ്ഞ് ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ സോൻഭദ്രയിലാണ് സംഭവം. തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെയാണ് എം.എൽ.എയായ ഭൂപേഷ് ചൗബ കസേരയിൽ എഴുന്നേറ്റ് നിന്ന് ഏത്തമിടാൻ തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവർഷത്തെ തന്റെ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾ നിങ്ങൾ മാപ്പാക്കണം എന്ന് പറഞ്ഞാണ് എം.എൽ.എ ഏത്തമിടൽ തുടങ്ങിയത്. വീണ്ടും ജനവിധി ടേുന്ന കിഴക്കൻ യു.പിയിലെ തന്റെ മണ്ഡലമായ റോബർട്ട് ഗഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനറാലിയിലാണ് എം.എൽ.എയുടെ അപ്രതീക്ഷിത നീക്കം.
വേദിയിലിരിക്കുന്ന നേതാക്കൾക്കോ റാലിയിൽ പങ്കെടുത്ത ജനങ്ങൾക്കോ ആദ്യം കാര്യം പിടികിട്ടിയില്ല. 'ദൈവതുല്യരായ എന്റെ വോട്ടർമാർ 2017 തെരഞ്ഞെടുപ്പിൽ എന്നെ അനുഗ്രഹിച്ചതു പോലെ ഈ തെരഞ്ഞെടുപ്പിലും വോട്ടുകളിലൂടെ അനുഗ്രഹം നൽകണമെന്നും' കൂപ്പുകൈകളോടെ ചൗബ ആവശ്യപ്പെട്ടു. എം.എൽ.എ ഏത്തമിടാൻ തുടങ്ങിയപ്പോൾ അണികൾ മുദ്രാവാക്യങ്ങളും കൈയടികളുമായി പ്രോത്സാഹിപ്പിച്ചു. അതേ സമയം ഏത്തമിടുന്ന എം.എൽ.എ വേദിയിലിരിക്കുന്ന പ്രവർത്തകർ പിന്തിരിക്കാൻ ശ്രമിക്കുകയും ചെയ്തു.
राबर्ट्सगंज से BJP विधायक भूपेश चौबे ने कान पकड़कर लगाई उठक-बैठक, जनता से 5 साल में हुई गलतियों की मांगी माफी#UPElections2022 pic.twitter.com/QE6PZ8U5ML
— News24 (@news24tvchannel) February 23, 2022
ബി.ജെ.പി എം.എൽ.എയുടെ ഏത്തമിടൻ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഭൂപേഷ് ചൗബേ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പൊതുവികാരം ജനങ്ങൾക്കിടയിലുണണ്ടെന്ന് റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ ജനവികാരം തനിക്കെതിരാണെന്ന് ചൗബേക്കറിയാമായിരുന്നു. അതിനാലാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയതെന്നും പറയപ്പെടുന്നു.
പക്ഷേ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ചൗബേ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് മാർച്ച് ഏഴിനാണ് നടക്കുന്നത്. എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വോട്ടുകൾ മാർച്ച് 10ന് എണ്ണും.