'ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാൽ പോരാ; എണ്ണം കൂട്ടിയില്ലെങ്കിൽ മുസ്ലിംകൾ ഭൂരിപക്ഷമാകും'; ബിജെപി എംഎൽഎ
|രാജ്യത്ത് മുസ്ലിംകൾ ഭൂരിപക്ഷമായാൽ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ വീട്ടിലിരുന്ന് ചിന്തിക്കണെന്നും ഇയാൾ പറയുന്നു.
ബെംഗളൂരു: ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാൽ പോരെന്നും എണ്ണം കൂട്ടിയില്ലെങ്കിൽ മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ ഹിന്ദുക്കളെക്കാൾ കൂടുതലാവുമെന്നുമുള്ള വിദ്വേഷ പരാമർവുമായി ബിജെപി എംഎൽഎ. കർണാടക ബെൽത്തങ്ങാടി എംഎൽഎയും ബിജെപി നേതാവുമായ ഹരീഷ് പൂഞ്ജയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മുസ്ലിംകൾ നാല് കുട്ടികളെ പ്രസവിക്കുന്നുണ്ടെന്നും ഹിന്ദുക്കൾ ഒന്നോ രണ്ടോ പേരെ മാത്രമാണെന്നും ഇങ്ങനെ പോയാൽ അവരുടെ എണ്ണം രാജ്യത്ത് വർധിക്കുമെന്നും പൂഞ്ജ പറയുന്നു. ഭാവിയിൽ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറയുമെന്നും ഇയാൾ അഭിപ്രായപ്പെട്ടു.
'രാജ്യത്ത് ഹിന്ദു ജനസംഖ്യ 80 കോടിയും മുസ്ലിംകൾ 20 കോടിയും ആണെന്നാണ് ചിലരുടെയൊക്കെ വിചാരം. എന്നാൽ മറ്റൊരു കോണിലൂടെ ചിന്തിക്കണം. മുസ്ലിംകൾ എണ്ണത്തിൽ കുറവാണെന്നും അതിനാൽ അവരെക്കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നുമാണ് നമ്മുടെ വിശ്വാസം. എന്നാൽ മുസ്ലിംകൾ നാല് കുട്ടികൾക്ക് ജന്മം നൽകുന്നു. നമ്മൾ ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെയാണ് പ്രസവിക്കുന്നത്. 20 കോടി മുസ്ലിംകൾക്ക് നാല് കുട്ടികൾ വീതമുണ്ടായാൽ അവരുടെ ജനസംഖ്യ 80 കോടിയാവും. നമ്മുടെ ജനസംഖ്യ അധികം താമസിയാതെ 20 കോടിയായി കുറയുകയും ചെയ്യും'- ബിജെപി എംഎൽഎ അവകാശപ്പെട്ടു.
'ഒരിക്കൽ, മുസ്ലിം ജനസംഖ്യ 80 കോടിയിൽ എത്തുകയും ഹിന്ദുക്കളുടെ എണ്ണം കുറയുകയും ചെയ്താൽ രാജ്യത്തെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാകുമോ?. ഈ രാജ്യത്ത് മുസ്ലിംകൾ ഭൂരിപക്ഷമായാൽ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ വീട്ടിലിരുന്ന് ചിന്തിക്കണം'- പൂഞ്ജ ആവശ്യപ്പെട്ടു. ബെൽതങ്ങാടി താലൂക്കിലെ പേരടിയിൽ നടന്ന അയ്യപ്പ ദീപ്തോത്സവ ധർമിക സഭയിൽ സംസാരിക്കവെയാണ് എംഎൽഎയുടെ വിദ്വേഷ പരാമർശങ്ങൾ.