India
അഗ്നിപഥ് പ്രതിഷേധം; ബി.ജെ.പി എം.എൽ.എക്ക് കല്ലേറ്, പാർട്ടി ഓഫീസിന് തീയിട്ടു
India

'അഗ്നിപഥ്' പ്രതിഷേധം; ബി.ജെ.പി എം.എൽ.എക്ക് കല്ലേറ്, പാർട്ടി ഓഫീസിന് തീയിട്ടു

Web Desk
|
16 Jun 2022 10:18 AM GMT

എം.എൽ.എയ്ക്കു പുറമെ കൂടെയുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റിട്ടുണ്ട്.

പട്‌ന: സൈന്യത്തിലേക്ക് ഹൃസ്വകാല സർവീസ് അടിസ്ഥാനത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന 'അഗ്നിപഥ്' പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ ബി.ജെ.പി എം.എൽ.എയ്ക്ക് കല്ലേറ്. ബിഹാറിലെ നവാഡയിലാണ് ഭരണകക്ഷി എം.എൽ.എ അരുണ ദേവി സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്. എം.എൽ.എക്ക് നിസാര പരിക്കുണ്ട്.

നവാഡ ജില്ലയിലെ വരിസാലി ഗഞ്ച് അസംബ്ലി മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അരുണ ദേവി ഒരു കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാവാൻ പോകുംവഴിയാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കല്ലേറിൽ ഇവർ സഞ്ചരിച്ച മഹിന്ദ്ര സ്‌കോർപിയോ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. എം.എൽ.എയ്ക്കു പുറമെ കൂടെയുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് എത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

കല്ലേറുണ്ടാവാൻ കാരണം എന്താണെന്ന് അറിയുമായിരുന്നില്ലെന്നും വിദ്യാർത്ഥികളും ചെറുപ്പക്കാരും മാത്രമല്ല കല്ലേറ് നടത്തിയതെന്നും അരുണ ദേവി പിന്നീട് പ്രതികരിച്ചു.

പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി നവാഡയിൽ തന്നെ ഒരു ബി.ജെ.പി ഓഫീസ് തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഓഫീസിൽ കയറി ഫർണിച്ചറുകളും മറ്റും അടിച്ചുതകർത്ത ശേഷം രേഖകളും കൊടിതോരണങ്ങളും കൂട്ടിയിട്ട് തീയിടുകയായിരുന്നു.

സായുധസേനകളിലേക്ക് നാലുവർഷത്തേക്ക് താൽക്കാലികമായി നിയമനം നൽകുന്ന കേന്ദ്രസർക്കാറിന്റെ 'അഗ്നിപഥ്' പദ്ധതിക്കെതിരെ ബിഹാറിൽ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം അരങ്ങേറുന്നത്. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും തീവണ്ടി ബോഗികൾക്കും ബസ്സുകൾക്കും തീയിട്ടുമാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്. സമരക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബിഹാറിനു പുറമെ ഉത്തർപ്രദേശിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ ഭാഭുവ റോഡ് റെയിൽവേ സ്‌റ്റേഷനിലെ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ ഒരു കോച്ചിന് തീയിട്ടു. 'ഇന്ത്യൻ ആർമി ലൗവേഴ്‌സ്' എന്ന ബാനർ പിടിച്ചാണ് പ്രതിഷേധക്കാരെത്തിയത്. അറായിലെ റെയിൽവേ സ്റ്റേഷനിൽ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചു. ഫർണീച്ചറുകൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് തീയിട്ടതിനെ തുടർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ജഹാനാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത മറ്റു യാത്രക്കാർക്ക് നേരെയും പൊലീസിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തോക്ക് ചൂണ്ടിയാണ് പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്.

സൈനികസേവനത്തിന് താൽപര്യമുള്ളവർക്ക് താൽക്കാലികമായി നാലുവർഷത്തേക്ക് നിയമനം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇവർ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്ന പണവും അതിന്റെ പലിശയും അടക്കം 11.5 ലക്ഷം രൂപ പിരിഞ്ഞുപോരുമ്പോൾ ലഭിക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ 25 ശതമാനം പേർക്ക് മാത്രമേ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. ഇത് തങ്ങളുടെ തൊഴിൽസാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

Related Tags :
Similar Posts