![Some BJP MLAs are keen on joining NCP (SP): Anil Deshmukh, Maharashtra BJP MLAs, Mahayuti, NCP, Anil Deshmukh, Sharad Pawar Some BJP MLAs are keen on joining NCP (SP): Anil Deshmukh, Maharashtra BJP MLAs, Mahayuti, NCP, Anil Deshmukh, Sharad Pawar](https://www.mediaoneonline.com/h-upload/2024/07/18/1434076-sharad-pawar-anil-deshmukh.webp)
ശരത് പവാര്‍, അനില്‍ ദേശ്മുഖ്
'മഹാരാഷ്ട്രയില്‍ ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍ ശരത് പവാര്‍ എന്‍.സി.പിയിലേക്ക്'; താല്‍പര്യമറിയിച്ചെന്ന് അനില്‍ ദേശ്മുഖ്
![](/images/authorplaceholder.jpg?type=1&v=2)
കഴിഞ്ഞ ദിവസം എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെ പ്രമുഖ നേതാക്കള്‍ ശരത് പവാറിനൊപ്പം ചേര്‍ന്നിരുന്നു
മുംബൈ: അജിത് പവാര്‍ പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ വീണ്ടും പ്രതിസന്ധി. ഒരു വിഭാഗം ബി.ജെ.പി എം.എല്‍.എമാരും എന്‍.സി.പിയിലേക്കു കൂടുമാറാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യമറിയിച്ച് ചില ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെട്ടതായി മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് വെളിപ്പെടുത്തി.
മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ദേശ്മുഖ് ഇക്കാര്യം അവകാശപ്പെട്ടത്. സര്‍ക്കാരില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ പലരും നിരാശയിലാണ്. ഇതേതുടര്‍ന്ന് പാര്‍ട്ടി വിടാനുള്ള ആലോചനയിലാണ് ഇവര്‍. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേരാന്‍ ഇവര്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അജിത് പവാര്‍ പക്ഷത്തുനിന്നും എം.എല്‍.എമാര്‍ തിരിച്ചുവരുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. മുന്‍ കോര്പറേഷന് അംഗങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്കു മടങ്ങിവരികയാണ്. എന്നാല്‍, ആരെയൊക്കെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ ശരത് പവാറായിരിക്കും തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അജിത് പവാര്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന്, അദ്ദേഹം സ്വന്തമായൊരു പാര്ട്ടിയുണ്ടാക്കിയതല്ലേ, അതു വിപുലീകരിക്കാന്‍ നോക്കട്ടെയെന്നായിരുന്നു പ്രതികരണം.
പാര്‍ട്ടിയില്‍ ആരു തിരിച്ചെത്തിയാലും അവരെ സ്വീകരിക്കുന്ന കാര്യം കൂട്ടായി ആലോചിച്ചു മാത്രമേ തീരുമാനിക്കൂവെന്ന് കഴിഞ്ഞ ദിവസം ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അജിത് പവാറിന്റെ കാര്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്നു മാത്രമേ തീരുമാനമെടുക്കൂവെന്നും എന്‍.സി.പി തലവന്‍ അറിയിച്ചു. പവാര്‍ കുടുംബത്തില്‍ അജിതിന് ഇടമുണ്ട്. എന്നാല്‍, പാര്‍ട്ടിയിലെ കാര്യം ഒറ്റയ്ക്കു തീരുമാനിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം അജിത് പവാര്‍ പക്ഷത്തെ മുതിര്‍ന്ന നേതാവും പിംപ്രി-ചിഞ്ച്വാഡ് യൂനിറ്റ് അധ്യക്ഷനുമായ അജിത് ഗവാനെ ശരത് പക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. പിംപ്രി-ചിഞ്ച്വാഡ് എന്‍.സി.പി വിദ്യാര്‍ഥി വിഭാഗം അധ്യക്ഷന്‍ യാഷ് സാനെയും മുന്‍ കോര്പറേഷന് അംഗങ്ങളായ രാഹുല്‍ ഭോസാലെ, പങ്കജ് ഭലേക്കര്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പം കൂടുമാറിയിട്ടുണ്ട്.
എന്‍.സി.പിയുമായി ബി.ജെ.പി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ആര്.എസ്.എസ് ബന്ധമുള്ള മറാഠി വാരിക 'വിവേക്' ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മഹായുതി സഖ്യം വിടാന്‍ ബി.ജെ.പി അജിത് പവാറിനു നല്കുന്ന സൂചനയാണിതെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. 2023ല്‍ അജിത് പവാറിനെയും ഒരുവിഭാഗം എന്‍.സി.പി എം.എല്‍.എമാരെയും അടര്‍ത്തിയെടുത്ത് തങ്ങള്‍ക്കൊപ്പം ചേര്‍ത്ത ബി.ജെ.പി ഓപറേഷനെ വിവേകിലെ ലേഖനം വിമര്‍ശിക്കുന്നുണ്ട്. ഈ നീക്കത്തിനുശേഷം സംസ്ഥാനത്തെ പൊതുവികാരം പാര്‍ട്ടിക്കെതിരായി. ഇതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ നിരാശാജനകമായ പ്രകടനത്തിലേക്കു നയിച്ചതെന്നുമാണ് ലേഖനത്തില്‍ വാദിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്തു വില കൊടുത്തും ജയിക്കണമെന്നുറപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍, അജിത് പവാറുമായുള്ള ബന്ധം മുന്നണിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന പൊതുവികാരം പാര്‍ട്ടിക്കകത്തുണ്ട്. അജിത് പവാര്‍ സഖ്യത്തില്‍ തുടര്‍ന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും ആവര്‍ത്തിച്ചേക്കുമെന്ന ഭീതി മഹായുതി സഖ്യത്തിലുണ്ടെന്ന് എന്‍.സി.പി ശരദ് പവാര്‍ പക്ഷം വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറയുന്നു.
2019 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ മഹാരാഷ്ട്ര ഭരിച്ച ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സര്‍ക്കാരിനെ ഓപറേഷന് താമരയിലൂടെ അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി. സേന നേതാവായിരുന്ന ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തായിരുന്നു ബി.ജെ.പി അധികാരം തട്ടിയെടുത്തത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. അധികം വൈകാതെ എന്‍.സി.പിയില്‍നിന്ന് അജിത് പവാറിനെയും മുന്നണിയിലെത്തിച്ച് പ്രതിപക്ഷ ക്യാംപില്‍ അങ്കലാപ്പ് സൃഷ്ടിച്ചു ബി.ജെ.പി.
എന്നാല്‍, ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കെല്ലാമുള്ള കനത്ത തിരിച്ചടിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്നാണ് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ വിലയിരുത്തുന്നത്. അതിന്റെ തുടര്‍ച്ചയാണ് ആര്.എസ്.എസ് വാരികയിലെ ലേഖനവും. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ ജയിച്ച ബി.ജെ.പി ഇത്തവണ വെറും ഒന്‍പത് സീറ്റിലേക്കാണു ചുരുങ്ങിയത്. ഷിന്‍ഡെ സേന ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ അജിത് പവാര്‍ എന്‍.സി.പിക്ക് ഒരൊറ്റ സീറ്റിലാണു ജയിക്കാനായത്.
എന്നാല്‍, ബി.ജെ.പി തന്ത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കി എം.വി.എ മിന്നും പ്രകടനവും കാഴ്ചവച്ചു. ആകെ 48 സീറ്റില്‍ 31ഉം സഖ്യം നേടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു വന്‍ തിരിച്ചടി നല്കി മുന്നണി. 13 സീറ്റ് നേടി കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഉദ്ദവ് സേന ഒന്‍പതും ശരത് പവാര്‍ പക്ഷം എന്‍.സി.പി എട്ടും സീറ്റുകള്‍ സ്വന്തമാക്കി കരുത്തറിയിക്കുകയും ചെയ്തു.
Summary: Some BJP MLAs are keen on joining NCP (SP): Anil Deshmukh