ശശി തരൂരിനെ ഐടി സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണം; അവകാശലംഘന നോട്ടീസ് നല്കി ബിജെപി എംപി
|ശശി തരൂരിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ സമിതി യോഗങ്ങളില്‍ താന്‍ പങ്കെടുക്കുന്നതല്ലെന്നും ബിജെപി എംപി പറഞ്ഞു
പാര്‍ലമെന്റ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി. നിഷികാന്ത് ദുബെയാണ് ബുധനാഴ്ച ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഐ.ടി സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ തരൂര്‍ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് നോട്ടീസിൽ ദുബെ ആരോപിച്ചു.
ശശി തരൂരിന്റെ വ്യക്തിഗത താത്പര്യത്തിന്റെ പുറത്ത് നടത്തിയ യോഗത്തില്‍ നിന്ന് എല്ലാ ബി.ജെ.പി എം.പിമാരും വിട്ടുനിന്നതായി ദുബെ പറഞ്ഞു. 'ലോക്സഭ നടക്കുന്ന അതേസമയത്ത് എങ്ങനെയാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ കഴിയുക. പാര്‍ലമെന്റ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയെന്നത് നമ്മുടെ ജോലിയാണ്. ഈ വിഷയം സഭാ സമ്മേളനത്തില്‍ ഞാന്‍ ഉന്നയിച്ചിരുന്നു' ദുബെ കൂട്ടിച്ചേര്‍ത്തു.
"മഹത്തായ ഒരു സമിതിയുടെ ജനാധിപത്യ സ്വഭാവത്തെ അലങ്കോലമാക്കി എന്നതിനു പുറമെ തന്റെ രാഷ്ട്രീയ യജമാനന്മാര്ക്ക് പാദസേവ ചെയ്യുക കൂടിയായിരുന്നു ഇദ്ദേഹം. ഐ.ടി സമതി ചെയര്‍മാനെ പോലെയുള്ളവരെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് ഭരണം പിടിക്കാമെന്ന മണ്ടന്‍ ധാരണയാണ് അവര്‍ക്കുള്ളത്." നോട്ടീസില്‍ ദുബെ ആരോപിച്ചു. ശശി തരൂരിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ സമിതി യോഗങ്ങളില്‍ താന്‍ പങ്കെടുക്കുന്നതല്ലെന്നും ദുബെ പറഞ്ഞു.