ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു
|‘രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നത്’
ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറിൽനിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽനിന്ന് ഇദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.
രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നതെന്ന് നേരത്തെ ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ഞാൻ നന്ദി പറയുന്നു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി ബീരേന്ദർ സിങ്ങിൻ്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിസാറിൽനിന്ന് ഇദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങ്, സർവീസിൽനിന്ന് സ്വമേധയാ രാജിവെച്ചാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.
പിതാവ് ബീരേന്ദർ സിങ്ങും കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ഇദ്ദേഹം 2014 ൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.