ജനസംഖ്യാനിയന്ത്രണം: പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുന്നത് നാല് മക്കളുള്ള ബി.ജെ.പി എംപി
|ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്ലിന് മറ്റൊരു ബി.ജെ.പി അംഗമായ രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക.
ജനസംഖ്യാനിയന്ത്രണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത് നാല് മക്കളുള്ള ബി.ജെ.പി എംപി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രവി കിഷന് ആണ് ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കരുതെന്നാല് ബില്‍ ആവശ്യപ്പെടുന്നത്
സിവില്‍കോഡ് സംബന്ധിച്ചും സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ അനുമതി തേടിയിട്ടുണ്ട്. ലോക്സഭയില്‍ രവി കിഷനും രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള കിരോഡി ലാല്‍ മീണയുമാണ് അവതരണാനുമതി തേടിയത്.
ജനസംഖ്യാനിയന്ത്രണത്തിനുള്ള സ്വകാര്യബില്ലിന് മറ്റൊരു ബി.ജെ.പി അംഗമായ രാകേഷ് സിന്‍ഹയും അനുമതി തേടിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെയാണ് അവതരണാനുമതി ലഭിക്കുക. ഈ മാസം 24ന് നടക്കുന്ന നറുക്കെടുപ്പിലാണ് രണ്ട് ബില്ലുകളും ഉള്‍പ്പെടുത്തിയത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച കരടുബില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും നിയന്ത്രണം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയന്ത്രണം തുടങ്ങിയവയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ ജോലിയില്‍ ഉള്ളവരാണെങ്കില്‍ പ്രമോഷന് നിയന്ത്രണമുണ്ടാവും. രണ്ട് കുട്ടികളുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ബില്ലില്‍ വിഭാവനം ചെയ്യുന്നുണ്ട്.
അതേസമയം ബില്ലിനെതിരെ വി.എച്ച്.പി രംഗത്തെത്തി. പുതിയ ബില്ല് ഹിന്ദുക്കളെ ദോഷകരമായി ബാധിക്കുമെന്ന് വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ആരോപിച്ചു.
പുതിയ നിയമം കുട്ടികളില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്നതിനു പുറമെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അസമത്വത്തിന് കാരണമാവുമെന്നും നിയമ കമ്മീഷന് എഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമം ഒരു സമുദായത്തിലെ അംഗ സംഖ്യ ചുരുങ്ങാനും മറ്റ് സമുദായത്തിലെ അംഗങ്ങളുടെ എണ്ണം കൂടാനും ഇടയാക്കും. ഒരു സമുദായം ഈ നിയമത്തിന്റെ ഗുണങ്ങളുപയോഗിച്ച് വികസിക്കും പുതിയ നിയമം വരുന്നതോടെ ഹിന്ദുക്കളുടെ എണ്ണം ചുരുങ്ങുമെന്നും മറ്റു സമുദായങ്ങള്‍ വികസിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍.ഡി.എ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ബില്ലിനെതിരെ രംഗത്തെത്തി. ഒരു നിയമം വഴി ജനസംഖ്യാനിയന്ത്രണം ഉറപ്പാക്കാനാവില്ലെന്നും ചൈനയോ മറ്റേതെങ്കിലും ഉദാഹരണങ്ങളോ എടുത്തുനോക്കിയാല്‍ ഇത് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ച ശേഷമാണ് ജനനനിരക്ക് നിയന്ത്രിക്കാനാവുക. സ്ത്രീകള്‍ വിദ്യാഭ്യാസ് നേടിയാല്‍ ജനസംഖ്യയെക്കുറിച്ച് അവബോധമുണ്ടാവും. അതനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.