ഡൽഹിയിൽ ഒറ്റ മൊഹല്ല ക്ലിനിക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ബി.ജെ.പി എം.പി; ക്ലിനിക്കും ഡോക്ടർമാരും മരുന്നുമുണ്ടെന്ന് ആൾക്കൂട്ടം-പൊളിച്ചടുക്കൽ ലൈവായി
|മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പേരുകേട്ടയാളാണ് തെലുങ്ക് നടി നവനീത് കൗർ റാണ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാവിന്റെ കള്ളങ്ങൾ പൊളിച്ചടുക്കി നാട്ടുകാർ. ബി.ജെ.പിയുടെ തീപ്പൊരി പ്രഭാഷകയും ലോക്സഭാ എം.പിയുമായ നവനീത് കൗർ റാണയാണ് ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ലൈവായി ആള്‍ക്കൂട്ടത്തിനു മുന്നില്‍ നാണംകെട്ടത്. ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കിനെ കുറിച്ചായിരുന്നു എം.പിയുടെ വ്യാജ പ്രചാരണം.
ഡൽഹിയിൽ മൊഹല്ല ക്ലിനിക്കുകളെല്ലാം അടച്ചുപൂട്ടിയെന്നായിരുന്നു നവനീത് റാണയുടെ ഒരു വാദം. വാചകം പൂർത്തിയാക്കും മുന്നെ തന്നെ ആൾക്കൂട്ടത്തിൽനിന്നു പ്രതികരണവും വന്നു; ഇവിടെ മൊഹല്ല പ്രവർത്തിക്കുന്നുണ്ടെന്നു നാട്ടുകാർ. അതോടെ വാദം മാറ്റിപ്പിടിക്കാൻ നോക്കി ബി.ജെ.പി നേതാവ്. ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഡോക്ടർമാരെല്ലാം എവിടെ? ഒരിടത്തും ഡോക്ടർമാരില്ലെന്നായി നവനീത്. എന്നാൽ, ആ വാദവും നാട്ടുകാർ പൊളിച്ചു. ഡോക്ടർമാര്‍ മാത്രമല്ല മരുന്നുമുണ്ടെന്നു തിരിച്ചടിച്ചു ജനം.
ആം ആദ്മി പാർട്ടി ഡൽഹിയിൽ നടപ്പാക്കിയ അഭിമാന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്. സാധാരണക്കാർക്ക് അടിസ്ഥാന വൈദ്യ സേവനങ്ങൾ സൗജന്യമായി നൽകുന്ന കേന്ദ്രങ്ങളാണിവ. ഡൽഹിയിൽ ഇത്തരത്തിൽ 500ഓളം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്ന് 450ഓളം മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായി നടത്താനാകും. നൂറു മുതൽ 300 വരെ ഫീ വരുന്ന ടെസ്റ്റുകൾ സ്വകാര്യ ലാബുകളിൽനിന്നു നടത്തിയാൽ എ.എ.പി സർക്കാർ നിശ്ചിത തുക രോഗികൾക്കു നൽകുകയും ചെയ്യും.
ഡൽഹിയിൽ എ.എ.പിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും ജനപ്രീതി വർധിപ്പിച്ച പദ്ധതിക്കെതിരെ ബി.ജെ.പി നേരത്തെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവ ഏറ്റുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം നവനീത് റാണ ഡൽഹിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ മൊഹല്ല ക്ലിനിക്കുകളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അവരുടെ വാദം. ഇതു മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടം തന്നെ തത്സമയം തിരുത്തുന്ന കാഴ്ചയാണു കണ്ടത്. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തെലുങ്ക് നടി കൂടിയായ നവനീത് കൗർ റാണ നിലവിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്. 2019ൽ ശിവസേനയുടെ ആനന്ദ്‌റാവുവിനെ 36,951 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ചാണ് പാർലമെന്റിലെത്തിയത്. ഇത്തവണയും നവനീതിനെയാണ് ബി.ജെ.പി മണ്ഡലത്തിൽ മത്സരിപ്പിച്ചത്. കോൺഗ്രസിന്റെ ബൽവന്ത് ബസ്വന്ത് വാങ്കഡെയാണു പ്രധാന എതിരാളി. ഏപ്രിൽ 26നു നടന്ന വോട്ടെടുപ്പിൽ 60.74 ശതമാനം പോളിങ്ങാണു മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പേരുകേട്ടയാള്‍ കൂടിയാണ് നവനീത് കൗർ റാണ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ നടപടികളുമായി വിവാദം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ബി.ജെ.പി റാലിയിൽ 'ഹിന്ദു രാഷ്ട്രം' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു ഒരിക്കൽ പ്രകോപനം. മറ്റൊരു പരിപാടിയിൽ മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തും വിവാദം സൃഷ്ടിച്ചു. ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിച്ച മറ്റൊരു തെലുങ്ക് നടി മാധവി ലതയും സമാനമായ അംഗവിക്ഷേപങ്ങളുമായി വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചായിരുന്നു നവനീതിന്റെ നടപടിയും.
ഏറ്റവുമൊടുവിൽ ഉവൈസി സഹോദരങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയും വാർത്തകളിൽ നിറഞ്ഞു. ഹൈദരാബാദിൽ പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തിയാൽ ഉവൈസിമാരെ തീർത്തുകളയുമെന്നായിരുന്നു ഭീഷണി. അസദുദ്ദീൻ ഉവൈസി, സഹോദരൻ അക്ബറുദ്ദീൻ ഉവൈസി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പ്രകോപന പരാമർശം. മാധവി ലതയുടെ പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. പരാമര്‍ശങ്ങളില്‍ തെലങ്കാന പൊലീസ് നടിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Summary: ''MP: Mohalla clinic are all closed. Public: They are open. Doctors and Medicine are available.'': BJP MP and Telugu actress Navneet Kaur Rana trolled by the mob on live