India
BJPMPNishikantDubeysfakeeducationqualification, BJPMPfakeMBA, NishikantDubeyfakeMBA
India

രാഹുലിന്റെ പാർലമെന്‍റ് അംഗത്വം റദ്ദാക്കാൻ ആവശ്യപ്പെട്ട ബി.ജെ.പി എം.പിയുടെ എം.ബി.എ വ്യാജം, പി.എച്ച്.ഡിയിൽ ദുരൂഹത-വിവാദം

Web Desk
|
11 March 2023 5:12 AM GMT

ഡൽഹി സർവകലാശാലയുടെ മാനേജ്‌മെന്റ് വിഭാഗത്തിൽനിന്ന് എം.ബി.എ പൂർത്തിയാക്കിയെന്നാണ് നിഷികാന്ത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ ദുരൂഹത. ജാർഖണ്ഡിൽനിന്നുള്ള ബി.ജെ.പി എം.പിയായ നിഷികാന്ത് ദുബെ സത്യവാങ്മൂലത്തിൽ നൽകിയ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ആരോപണം. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് നിഷികാന്തിനെതിരായ പഴയ പൊതുതാൽപര്യ ഹരജി ഉയർത്തി രംഗത്തെത്തിയത്.

2020ൽ ജാർഖണ്ഡ് ഹൈക്കോടതിയിലാണ് നിഷികാന്തിനെതിരെ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടത്. മൂന്നു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിഷികാന്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ നൽകിയ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹി സർവകലാശാലയുടെ മാനേജ്‌മെന്റ് വിഭാഗത്തിൽനിന്ന് എം.ബി.എ പൂർത്തിയാക്കിയെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, വിവരാവകാശ രേഖപ്രകാരം ഇതു വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു.

നിഷികാന്ത് ഡൽഹി സർവകലാശാലയിൽ പഠനത്തിനായി ചേർന്നിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയത്. എന്നാൽ, 2009, 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഇതേ യോഗ്യതയാണ് ഇദ്ദേഹം സത്യവാങ്മൂലത്തിൽ നൽകിയിരുന്നത്. ഇതോടൊപ്പം നൽകിയ പി.എച്ച്.ഡിയിലും ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.

സത്യവാങ്മൂലത്തിൽ കള്ളം പറയുന്നത് ലോക്‌സഭാ അംഗത്വം റദ്ദാക്കാൻ കാരണമാകില്ലേയെന്ന് സ്പീക്കർ ഓം ബിർലയെ ടാഗ് ചെയ്ത് മഹുവ ട്വിറ്ററിൽ ചോദിച്ചു. ഡൽഹി മാനേജ്‌മെന്റ് വകുപ്പിൽനിന്നുള്ള എം.ബി.എ വ്യാജമാണെന്നും പി.എച്ച്.ഡി ദുരൂഹമാണെന്നു ട്വീറ്റിൽ മഹുവ ചൂണ്ടിക്കാട്ടി. പ്രിവിലേജ് കമ്മിറ്റി ഇതു കേൾക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് നോട്ടിസ് നൽകിയിരുന്നു. ഫെബ്രുവരി ആറിന് ബജറ്റ് സമ്മേളനത്തിനിടെ പാർലമെന്റിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പ്രസംഗത്തിലെ 18-ഓളം പരാമർശങ്ങൾ ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ ആവശ്യപ്രകാരം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തിരുന്നു.

എന്നാൽ, സ്പീക്കറുടെ ഉത്തരവ് ലംഘിച്ച് വിവാദ പരാമർശങ്ങൾ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സ്പീക്കറുടെ അധികാരത്തോട് നേരിട്ടുള്ള വെല്ലുവിളിയാണിതെന്നും നിഷികാന്ത് ആരോപിച്ചു. 1976ൽ സുബ്രമണ്യൻ സ്വാമിയെ രാജ്യസഭയിൽനിന്ന് പുറത്താക്കിയ സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിഷികാന്ത് ദുബെയുടെ നോട്ടിസിന് രാഹുൽ ഗാന്ധി വിശദമായ മറുപടി നൽകിയിരുന്നു. പാർലമെന്റിനകത്തും അഭിപ്രായ സ്വാതന്ത്ര്യം ഏറെ പ്രധാനമാണെന്ന് മറുപടിയിൽ രാഹുൽ സൂചിപ്പിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പറ്റില്ലെങ്കിൽ നമ്മെ ജനാധിപത്യമാണെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ വിശദീകരണം അറിയാൻ പാർലമെന്ററി സമിതി വിളിപ്പിക്കുമെന്നാണ് അറിയുന്നത്.

Summary: Trinamool Congress (TMC) MP Mahua Moitra requests Speaker Om Birla to look into BJP MP Nishikant Dubey's fake MBA and dubious PhD, and queries whether it is reasons could be grounds for termination of his Lok Sabha membership

Similar Posts