'ആറ് മാസമായി കാൻസറിനോട് പോരാടുന്നു'; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുശീൽ കുമാര്‍ മോദി
|''രോഗവിവരത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ സമയമായെന്ന് തോന്നി''
ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസമായി കാൻസറുമായി പോരാടുകയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി എംപിയും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാര്‍ മോദി. രോഗബാധിതനായതുകൊണ്ട് ഇത്തവത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവിവരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ടെന്നും സുശീൽ കുമാര്‍ മോദി പറഞ്ഞു.
'രോഗവിവരത്തെക്കുറിച്ച് ജനങ്ങളോട് പറയാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇക്കാര്യം അറിയിക്കുന്നത്. ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല..'
സോഷ്യല്‍മീഡിയയായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുശീൽ കുമാര്‍ മോദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ബി.ജെ.പി നേതാവും എം.പിയുമായ രവിശങ്കർ പ്രസാദ് പ്രതികരിച്ചു. 2017 ജൂലൈ മുതൽ 2020 നവംബർ വരെ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു സുശീൽ മോദി. ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടർന്നാണ് 2020 ഡിസംബറിൽ അദ്ദേഹം ബിഹാറിൽ നിന്ന് രാജ്യസഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.