India
കരൗളിയിലേക്ക് ബി.ജെ.പി യുവമോർച്ച മാർച്ച്; തേജസ്വി സൂര്യയെ പൊലീസ്   അതിര്‍ത്തിയില്‍ തടഞ്ഞു
India

കരൗളിയിലേക്ക് ബി.ജെ.പി യുവമോർച്ച മാർച്ച്; തേജസ്വി സൂര്യയെ പൊലീസ് അതിര്‍ത്തിയില്‍ തടഞ്ഞു

Web Desk
|
13 April 2022 9:44 AM GMT

ഏപ്രിൽ രണ്ടിന് വർഗീയ സംഘർഷങ്ങൾക്കു തുടക്കമായ കരൗളിയിലേക്ക് ഇന്ന് മാർച്ച് നടത്താൻ ബി.ജെ.പി എം.പിയും ബി.ജെ.വൈ.എം ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു

ജയ്പൂർ: രാജസ്ഥാനിലെ കരൗളിയിൽ വർഗീയ സംഘർഷവും ലഹളയുമുണ്ടായ പ്രദേശം സന്ദർശിക്കാനെത്തിയ ബി.ജെ.പി നേതാവ് തേജസ്വി സൂര്യയെ പൊലീസ് തടഞ്ഞു. കരൗളിയിലെത്താൻ ട്വിറ്ററിൽ പവർത്തകർക്ക് ആഹ്വാനം നൽകിയ ശേഷമാണ് ബി.ജെ.പി യുവമോർച്ച(ബി.ജെ.വൈ.എം) ദേശീയ പ്രസിഡന്റും കർണാടകയിൽനിന്നുള്ള എം.പിയുമായ തേജസ്വി സൂര്യ ഇങ്ങോട്ട് തിരിച്ചത്. എന്നാൽ, സംഘർഷബാധിത പ്രദേശമായ ദൗസയിലെത്തും മുൻപ് തന്നെ പൊലീസ് അതിർത്തിയിൽ തടയുകയായിരുന്നു.

'ചലോ കരൗളി' ന്യായ് യാത്ര എന്ന പേരിൽ ബി.ജെ.വൈ.എം ഇന്ന് കരൗളിയിൽ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് തേജസ്വി രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയയ്ക്കും പ്രവർത്തകർക്കുമൊപ്പം മാർച്ചിനായി തിരിച്ചത്. എന്നാൽ, മാർച്ച് മുൻകൂട്ടിക്കണ്ട് വൻ പൊലീസ് സന്നാഹമാണ് ഇവിടെ രാജസ്ഥാൻ സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നത്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പ്രവേശിക്കുന്നത് തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് തന്നെ തടയാനാകില്ലെന്നും കരൗളിയിലെത്തുന്നതു വരെ വിശ്രമിക്കില്ലെന്നും തേജസ്വി സൂര്യ പ്രതികരിച്ചു. എന്തു വിലകൊടുത്തും കരൗളിയിൽ പോകും. സമാധാനപരമായി സ്ഥലത്തെത്താനുള്ള ശ്രമം പൊലീസ് തടഞ്ഞാൽ പ്രവർത്തകർക്കൊപ്പം കൂട്ടമായി അറസ്റ്റ് വരിക്കുമെന്നും തേജസ്വി വ്യക്തമാക്കി.

കരൗളിയിലെ വര്‍ഗീയ ലഹളയ്ക്കു പിന്നില്‍

ഏപ്രിൽ രണ്ടിനാണ് കരൗളിയിൽ വർഗീയ സംഘർഷങ്ങൾക്കു തുടക്കമായത്. രാജസ്ഥാനിലെ ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോൾ പ്രകോപനപരവും വിദ്വേഷമുണർത്തുന്നതുമായ തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതായി പൊലീസ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ലൗഡ്‌സ്പീക്കറിൽ മുസ്‌ലിം വിരുദ്ധ ഗാനങ്ങൾ വച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു പിന്നാലെയാണ് റാലിക്കുനേരെ കല്ലേറുണ്ടായത്. കല്ലേറിൽ എട്ടുപൊലീസുകാരടക്കം 11 പേർക്ക് പരിക്കേറ്റു.

പിന്നാലെ പ്രദേശത്ത് വ്യാപകമായി മുസ്‌ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയായി. നഗരത്തിൽ വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പും നടന്നു. തുടർന്ന് ഒരാഴ്ച കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും വിലക്ക് ലംഘിച്ച് അക്രമങ്ങൾ തുടരുകയും 40ഓളം മുസ്‌ലിം വീടുകൾ അഗ്നിക്കിരയാകുകയും ചെയ്തതായി മുസ്‌ലിം മിറർ റിപ്പോർട്ട് ചെയ്തു. വ്യാപകമായ അക്രമസംഭവങ്ങളിൽ 46 പേരെ അറസ്റ്റ് ചെയ്തിരുന്നു.

വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ്, ബജ്രങ്ദൾ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നതെന്ന് പൊലീസ് പറഞ്ഞു. വർഗീയ സംഘർഷത്തിൽ 46 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് ഏഴുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭരത്പൂർ റേഞ്ച് ഐ.ജി പ്രശാൻ കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

Summary: BJP MP Tejasvi Surya stopped from visiting riot-hit Karauli in Rajasthan

Similar Posts