സർക്കാർ ഭൂമിയിൽ നിന്ന് കോടികൾ വിലവരുന്ന മരങ്ങൾ മുറിച്ചു; ബി.ജെ.പി എം.പിയുടെ സഹോദരൻ അറസ്റ്റിൽ
|പാർലമെന്റ് സുരക്ഷാവീഴ്ചക്കേസിലെ പ്രതികൾക്ക് പാസ് അനുവദിച്ച പ്രതാപ് സിംഹയുടെ സഹോദരനാണ് വിക്രം സിംഹ
ബംഗളൂരു: കർണാടകയിൽ സർക്കാർ ഭൂമിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ വെട്ടിമാറ്റിയ കേസിൽ ബി.ജെ.പി എം.പിയുടെ സഹോദരൻ അറസ്റ്റിൽ. പാർലമെന്റ് സുരക്ഷാവീഴ്ചക്കേസില്‍ പ്രതികൾക്ക് അകത്തേക്ക് കടക്കാനുള്ള പാസ് നൽകിയ കുടുക്-മൈസുരു എം.പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയാണ്അറസ്റ്റിലായത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ കോടികൾ വിലമതിക്കുന്ന 126 മരങ്ങൾ മുറിച്ച് മറ്റിടങ്ങളിലേക്ക് കടത്തിയെന്നാണ് കേസ്. തഹസിൽദാർ സ്ഥലത്ത് സന്ദർശനം നടത്തിയതിന് ശേഷമാണ് മരം മുറിച്ച് കടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.12 ഏക്കറിൽ പരന്നുകിടക്കുന്ന ഭൂമിയിൽ നിന്ന് 50 മുതൽ 60 വർഷം വരെ പഴക്കമുള്ള 126 വൻ മരങ്ങളാണ് വെട്ടിമാറ്റിയത്.
വനംവകുപ്പ് പരിശോധനകൾ നടത്തിയെങ്കിൽ വിക്രം ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് വിക്രമിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർനടപടികൾക്കായി ഇയാളെ ഇനി ഹാസനിലേക്ക് കൊണ്ടുപോകും.ഹാസൻ ജില്ലയിൽ അനധികൃതമായി 126 മരങ്ങൾ മുറിച്ച് വിറ്റതിനാണ് വിക്രം സിംഹയെ അധികൃതർ അറസ്റ്റ് ചെയ്തതെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
ഡിസംബർ 13 ന് പാര്‍ലമെന്‍റില്‍ കയറി പ്രതിഷേധിച്ച മനോരഞ്ജനും സാഗര്‍ ശര്‍മയ്ക്കും സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപിയായ പ്രതാപ് സിംഹയായിരുന്നു. സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടതിനെത്തുടർന്ന് 146 എംപിമാരെ സസ്പെൻഡ് ചെയ്തിട്ടും സിംഹയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ രാജ്യസ്നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ അന്തിമമായി തീരുമാനിക്കുമെന്ന് ബി.ജെ.പി എം.പി പ്രതാപ് സിംഹ പ്രതികരിച്ചിരുന്നു. സംഭവത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പ്രതാപ് സിംഹ രാജ്യദ്രോഹിയോ ദേശസ്നേഹിയോ ആണോ എന്നത് ചാമുണ്ഡേശ്വരി ദേവിയും കാവേരി മാതാവും കഴിഞ്ഞ ഒമ്പതര വർഷമായി ഞാൻ എം.പിയായ മൈസുരുവിലെയും കുടകിലെയും ജനങ്ങൾ തീരുമാനിക്കും.. 2024 ഏപ്രിലിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഇതിനുള്ള മറുപടി ജനങ്ങൾ നൽകും.ജനങ്ങളാണ് അന്തിമ വിധികർത്താവ്. അത് അവരുടെ തീരുമാനമാണ്. അത് അവർക്ക് വിടുന്നു..അല്ലാതെ എനിക്ക് ഒന്നും പറയാനില്ല...'..പ്രതാപ് സിംഹ പറഞ്ഞിരുന്നു.