നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി എം.പിമാർ രാജിവെച്ചു
|12 എം.പിമാരെയാണ് ഇത്തവണ ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്. അതിൽ വിജയിച്ച പത്ത് പേരാണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.പിമാർ രാജിവെച്ചു. രണ്ട് കേന്ദ്രമന്ത്രിമാരും പത്ത് ബി.ജെ.പി എം.പിമാരുമാണ് രാജിവെച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണി വന്നേക്കും. 12 എം.പിമാരെയാണ് ഇത്തവണ ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്. അതിൽ വിജയിച്ച പത്ത് പേരാണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.
രാകേഷ് സിംഗ്, ഉദയ് പ്രതാപ്, പ്രതീപ് പഥക്, നരേന്ദ്രിക് സിംഗ് തോമർ, പ്രഹ്‌ളാദ് സിംഗ് പട്ടേൽ എന്നിവരാണ് മധ്യപ്രദേശിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. ഛത്തീസ്ഗഢിൽ നിന്ന് അരുൺ സാഹോയും ഗോപതി സായും രാജി വെച്ചു. രാജവർദ്ധൻ സിംഗ് റാത്തോഡും ദിയാ കുമാരിയും കിരോഡിലാൽ മീണയുമാണ് രാജസ്ഥാനിൽ നിന്നും രാജിവെച്ചത്. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമറും കേന്ദ്രസഹമന്ത്രി പ്രഹ്‌ളാദ് പട്ടേലുമാണ് രാജിവെച്ച മറ്റു പ്രമുഖർ.
ഇതിനാൽ തന്നെ കേന്ദ്രമന്ത്രിസഭയിൽ ഉടൻതന്നെ ഒരു പുനഃസംഘടനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. രേണുക സിംഗും ബാബാ ബാലക്‌നാഥുമാണ് ഇനി ബി.ജെപിയിൽ നിന്നും ഒരു തീരുമാനമെടുക്കാനുള്ളത്. ഇവരും വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.