മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
|കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി.
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്ക് മത്സരിക്കുന്ന 21 സ്ഥാനാർഥികളെയും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന 39 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്.
നിലവിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് ആണ് ഭരിക്കുന്നത്. മധ്യപ്രദേശിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരുന്നു അധികാരത്തിലെത്തിയത്. എന്നാൽ ജ്യോതിരാധിത്യ സിന്ധ്യയെ സ്വന്തം ക്യാമ്പിലെത്തിച്ച് ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ പോരാട്ടം കടുപ്പിക്കാനാണ് ബി.ജെ.പി നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്.