19 വർഷം കൈയിൽ വച്ച മണ്ഡലം പോയി; എട്ടുനിലയിൽ പൊട്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി
|2004 മുതല്‍ ചിക്കമംഗളൂരു എം.എല്‍.എ.യായിരുന്ന സി.ടി. രവിക്ക് ഇത്തവണ മണ്ഡലം കൈവിട്ടത് പാർട്ടിക്കും കനത്ത തിരിച്ചടിയാണ്.
ബെംഗളൂരു: കർണാടകയിൽ ബിജെപി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോൾ ചർച്ചയായി പാർട്ടി ദേശീയ സെക്രട്ടറിയുടെ വമ്പൻ പരാജയവും. മുൻ മന്ത്രിയും നിരവധി തവണ വിദ്വേഷ പരാമർശങ്ങളിലൂടെ വിവാദത്തിലിടം നേടുകയും ചെയ്ത സി.ടി രവിയാണ് 19 വർഷമായി കൈവശം വച്ച മണ്ഡലത്തിൽ എട്ടുനിലയിൽ പൊട്ടിയത്.
മുന്‍ ബി.ജെ.പി. നേതാവ് കൂടിയായ എച്ച്.ഡി. തമ്മയ്യയാണ് ബി.ജെ.പി ദേശീയ നേതാവിനെതിരേ അട്ടിമറി ജയം നേടിയത്. തമ്മയ്യയോട് 5926 വോട്ടുകൾക്കാണ് ദേശീയ രാഷ്ട്രീയത്തിലെ ബിജെപിയുടെ സുപ്രധാന മുഖമായ സി.ടി രവി തോറ്റത്. 2004 മുതല്‍ ചിക്കമംഗളൂരു എം.എല്‍.എ.യായിരുന്ന സി.ടി. രവിക്ക് ഇത്തവണ മണ്ഡലം കൈവിട്ടത് പാർട്ടിക്കും കനത്ത തിരിച്ചടിയാണ്.
മുമ്പ് സി.ടി രവിയുടെ അടുത്ത അനുയായി കൂടിയായിരുന്നു പിന്നീട് എതിരാളിയായ തമ്മയ്യ. ഇത്തവണ അദ്ദേഹത്തിന് മുൻ നേതാവിനെതിരെ ഏറ്റുമുട്ടാൻ കോണ്‍ഗ്രസ് ചിക്കമംഗളൂരുവില്‍ തന്നെ ടിക്കറ്റ് നൽകുകയായിരുന്നു. ബി.ജെ.പി കോട്ടയായ ചിക്കമംഗളൂരുവില്‍ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട തമ്മയ്യയെ രംഗത്തിറക്കി അനായാസം വിജയം സ്വന്തമാക്കുകയാണ് കോൺഗ്രസ് ചെയ്തത്.
ദേശീയതലത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായ രവിയുടെ തോല്‍വി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. 85,054 വോട്ടുകൾ തമ്മയ്യ നേടിയപ്പോൾ 79,128 വോട്ടുകൾ കൊണ്ട് രവിക്ക് തൃപ്തിപ്പെടേണ്ടിവന്നു. എബിവിപി മുൻ നേതാവായ രവി 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബി.എൽ ശങ്കറിനെ 26,314 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എംഎൽഎയായത്.
നേരത്തെ, ബി.എസ് യെദ്യൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്ന സി.ടി രവി, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ അഭ്യർഥന പ്രകാരം 2020ൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയായിരുന്നു.
ഹലാൽ മാംസ വിൽപന സാമ്പത്തിക ജിഹാദാണ് എന്നതുൾപ്പെടെയുള്ള വിദ്വേഷ പരാമർശങ്ങളിലൂടെ വിവാദത്തിലായിട്ടുള്ള നേതാവ് കൂടിയാണ് സി.ടി രവി. ഹിന്ദുത്വ സംഘങ്ങൾ ഹലാൽ ഫുഡ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കേയായിരുന്നു ബിജെപിയുടെ മുതിർന്ന നേതാവ് ആരോപണവുമായി രംഗത്തെത്തിയത്.
'ഹലാൽ ഒരു എക്കണോമിക് ജിഹാദാണ്. ഒരു ജിഹാദ് പോലെ ഉപയോഗിക്കപ്പെടുന്നതിനാൽ മുസ്ലിംകൾ മറ്റുള്ളവരുമായി ബിസിനസിലേർപ്പെടരുത്. ഹലാൽ മാംസം തന്നെ ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുതെന്ന് പറയുന്നതിൽ എന്ത് തെറ്റാണുള്ളത്' എന്നായിരുന്നു സി.ടി രവിയുടെ പരാമർശം.
പാകിസ്താൻ ചിന്താഗതിയുള്ള വോട്ടർമാരാണ് കോൺഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നതെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സി.ടി രവി പറഞ്ഞത്. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്നേഹികൾ മുസ്ലിംകൾക്ക് ഇടയിലുണ്ടെന്നും എന്നാൽ പാകിസ്താൻ ചിന്താഗതിയുള്ളവരുടെ വോട്ട് പാർട്ടിക്ക് വേണ്ടെന്നും രവി പറഞ്ഞു. ഏപ്രിൽ 27ന് മൈസൂരുവിൽ ബി.ജെ.പി സ്ഥാനാർഥിയായ ആർ. അശോകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ഇത്.
ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ നഷ്ടപ്പെട്ടാൽ ഗോധ്ര കലാപം പോലുള്ള സംഭവങ്ങൾ ആവർത്തിച്ചേക്കാമെന്ന് മന്ത്രിയായിരിക്കെ 2019ൽ സി.ടി രവി പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ കലാപ ഭീഷണി. “ഈ മനോഭാവമാണ് ഗോധ്രയിൽ ട്രെയിൻ കത്തിച്ചത്... ഇവിടത്തെ ഭൂരിപക്ഷ സമൂഹം ക്ഷമയുള്ളവരാണ്. എന്നാല്‍ നിങ്ങൾ എല്ലായിടത്തും തീ പടര്‍ത്താൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ ക്ഷമ നശിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലത്''- മന്ത്രി പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് എം.എൽ.എ യു.ടി ഖാദറിനെ പരാമർശിച്ച് മന്ത്രി പറഞ്ഞത് ഇങ്ങനെ: “ഭൂരിപക്ഷം പ്രതികരിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഖാദറിന് അറിയാമെന്ന് കരുതുന്നു. ഗോധ്രയിൽ ട്രെയിൻ കത്തിച്ച ശേഷമുണ്ടായ കലാപത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഖാദര്‍ കണ്ടതാണ്”. 137 സീറ്റുകൾ എന്ന മികച്ച വിജയം നേടിയാണ് കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. കേവലം 65 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.