സർക്കാറിനെ പുറത്താക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി വാഗ്ദാനം ചെയ്തു; സിദ്ധരാമയ്യ
|ബിജെപി തനിക്കെതിരെ കള്ളക്കേസെടുക്കുകയാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു
മൈസൂരു: തന്റെ സർക്കാറിനെ പുറത്താക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ഇതിന് താൽപ്പര്യം കാണിക്കാത്തതിനാലാണ് ബിജെപി തനിക്കെതിരെ കള്ളക്കേസെടുത്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ടി നരസിപുര നിയമസഭ മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ സർക്കാറിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കന്നത്. അവർ 50 എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത്. മുൻ മുഖ്യമന്ത്രിമാരായ ബി. എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആർ. അശോകൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര എന്നിവർ പണം അച്ചടിച്ചോ?' എന്ന് സിദ്ധരാമയ്യ ചോദിച്ചു.
മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ഭൂമിവിഹിതം, വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങൽ എന്നിവയിൽ കോൺഗ്രസ് അഴിമതി നടത്തിയെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബിജെപിയുടെ ഭരണകാലത്ത് കോവിഡ്-19 ഫണ്ട് ദുരുപയോഗം ചെയ്തതായും ധൂർത്തടിച്ചതും കോൺഗ്രസ് ആരോപിച്ചു.
കർണാടകയിൽ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും കടുത്ത പോരാട്ടത്തിലാണ് ബിജെപിയും കോൺഗ്രസും