India
BJP office set on fire in Manipur, manipur violence, latest malayalam news, മണിപ്പൂരിൽ ബിജെപി ഓഫീസിന് തീയിട്ടു, മണിപ്പൂരിൽ അക്രമം, ഏറ്റവും പുതിയ മലയാളം വാർത്ത,
India

മണിപ്പൂരിൽ ബി.ജെ.പി ഓഫീസിന് തീയിട്ടു

Web Desk
|
27 Sep 2023 1:56 PM GMT

സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പി ഓഫീസിന് തീയിട്ടു. തൗബാലിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസാണ് കത്തിച്ചത്.

മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സംഘർഷത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് എംഎല്‍എമാർ കത്ത് അയച്ചു.പ്രതിഷേധത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

മണിപ്പൂരിൽ ജൂലൈയിൽ കാണാതായ മെയ്‌തെയ് വിഭാഗത്തിലെ രണ്ട് വിദ്യാർഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ ആറിനാണ് കോച്ചിങ് ക്ലാസിലേക്ക് പോയ 17 ഉം 20 ഉം വയസുള്ള കുട്ടികളെ കാണാതായത്. രണ്ടു ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ചിത്രത്തില്‍ കുട്ടികള്‍ പേടിച്ച് ഇരിക്കുന്നതും മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളും കാണാം. വിദ്യാർഥികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കൊലപാതകം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

അക്രമികളെ പിടികൂടാൻ സുരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനോട് വിവരങ്ങൾ തേടിയിരുന്നു.

ചിത്രങ്ങൾ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ കുകി വിഭാഗക്കാരാണെന്നാണ് മെയ് തെയ് വിഭാഗക്കാരുടെ ആരോപണം. കഴിഞ്ഞദിവസമാണ് മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചത്.

Similar Posts