രാഹുലിന് 'ജിലേബി' അയച്ച് ബിജെപി; ഓര്‍ഡര്‍ ക്യാഷ് ഓണ്‍ ഡെലിവറി, അയച്ചത് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക്
|ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ 'രാഹുൽ ഗാന്ധിക്കുള്ള ജിലേബി' എന്ന് രേഖപ്പെടുത്തിയാണ് ഡെലിവറി അഡ്രസ് നൽകിയിരിക്കുന്നത്.
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പരിഹസിച്ച് ബിജെപി. രാഹുലിനായി മധുരപലഹാരമായ ജിലേബി ഓർഡർ ചെയ്താണ് ബിജെപിയുടെ പരിഹാസം. ഒരു കിലോ ജിലേബിയാണ് ബിജെപി രാഹുലിനായി ഓർഡർ ചെയ്തത്. ടാക്‌സ് അടക്കം 609 രൂപയാണ് ഇതിന് വില. ഡൽഹിയിലെ കൊനോട്ട് പ്ലേസിലെ കടയിൽ നിന്നാണ് ഓൺലൈനായി ജിലേബി ഓർഡർ ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന്റെ തുക നൽകാതെ ക്യാഷ് ഓൺ ഡെലിവറിയായാണ് ഓർഡർ നൽകിയിരിക്കുന്നത്.
ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ 'രാഹുൽ ഗാന്ധിക്കുള്ള ജിലേബി' എന്ന് രേഖപ്പെടുത്തിയാണ് ഡെലിവറി അഡ്രസ് നൽകിയിരിക്കുന്നത്. ഓർഡറിന്റെ സ്‌ക്രീൻ ഷോട്ട് ഹരിയാന ബിജെപി എക്‌സിൽ പങ്കുവച്ചു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ 'ജിലേബി' പരാമർശമാണ് ബിജെപി തിരിച്ചടിക്കാനായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാനയിലെ ഗുഹാനയിലെ ഒരു സാധാരണ കടയിൽ നിന്നും ജിലേബി കഴിച്ച രാഹുൽ ഇവ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കേണ്ടതുണ്ടെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. അങ്ങിനെയെങ്കിൽ ഇത് ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ കോണുകളിലെത്തുമെന്നും രാഹുൽ പറഞ്ഞിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ ബിജെപി ജിലേബിയെ സമൂഹമാധ്യമത്തിൽ പരിഹാസത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. ഹരിയാനയിലെ വിജയം ബിജെപി ആഘോഷിച്ചതും ജിലേബി വിതരണം ചെയ്താണ്. സ്വന്തം കൈകൊണ്ട് ജിലേബി തയ്യാറാക്കുന്ന ചിത്രമാണ് രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭജൻലാൽ ശർമ പങ്കുവച്ചത്.
ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. 37 സീറ്റാണ് കോൺഗ്രസ് സ്വന്തമാക്കിയത്.