India
Tiruppur
India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജിഎസ്ടിയെ കുറിച്ച് ചോദിച്ചു; യുവതിയെ അക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Web Desk
|
12 April 2024 3:11 PM GMT

സ്ത്രീകളുടെ ജീവിത നിലവാരവും അവകാശങ്ങളും സംസാരിക്കുന്ന മോദി എന്തിനാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതെന്നും യുവതി

തിരുപ്പൂര്‍: തിരുപ്പൂരിലെ ആത്തുപാളയത്ത് ജിഎസ്ടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി എ.പി മുരുകാനന്ദത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകയായ സംഗീതക്ക് നേരെയാണ് ബിജെപി നേതാക്കള്‍ അസഭ്യവര്‍ഷവും കയ്യേറ്റവും നടത്തിയത്. പ്രചാരണത്തിനായി എത്തിയ അണികളോട് ജിഎസ്ടിയെ വിമര്‍ശിച്ച് യുവതി സംസാരിക്കുകയായിരുന്നു. പിന്നാലെ പ്രചാരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ബിജെപി പ്രവര്‍ത്തകര്‍ യുവതിയെ തെറിവിളിക്കുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഇതിന്റെ വിഡിയോ സാമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ജിഎസ്ടി നടപ്പാക്കലിനെ കുറിച്ച് ജനങ്ങള്‍ പലപ്പോഴായി ചോദ്യ മുന്നയിച്ചതാണെന്നും അവശ്യ സാധനങ്ങളായ അരിയ്ക്കും ഗ്യാസിനുമടക്കം ജിഎസ്ടി ചുമത്തിയത് എന്തിനാണെന്ന് യുവതി ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചു. സ്ത്രീകളുടെ ജീവിത നിലവാരവും അവകാശങ്ങളും സംസാരിക്കുന്ന മോദി എന്തിനാണ് അടിസ്ഥാന ആവശ്യമായ സാനിറ്ററി നാപ്കിനുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതെന്നും ചോദിച്ചു. പിന്നാലെ മറ്റുള്ളവരും ചോദ്യമുയര്‍ത്താന്‍ തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സംഗീത പറയുന്നത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.


Related Tags :
Similar Posts