ജിഎസ്‍ടിയെക്കുറിച്ച് ചോദ്യം; തിരുപ്പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവതിയെ ആക്രമിച്ചു
|ദ്രാവിഡർ വിടുതലൈ കഴകം എന്ന രാഷ്ട്രീയ സംഘടനയിലെ അംഗമായ സംഗീത എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്
തിരുപ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജിഎസ്‍ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച യുവതിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിരുപ്പൂരിലെ ആത്തുപാളയത്ത് വ്യാഴാഴ്ചയാണ് സംഭവം. ദ്രാവിഡർ വിടുതലൈ കഴകം എന്ന രാഷ്ട്രീയ സംഘടനയിലെ അംഗമായ സംഗീത എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.
തിരുപ്പൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥി എ.പി മുരുകാനന്ദത്തിന് വേണ്ടി ബി.ജെ.പി കേഡര്‍ പ്രചരണം നടത്തുമ്പോഴാണ് സംഗീത ജിഎസ്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചത്.സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, തങ്ങളുടെ പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് സംഗീതയെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാം. എന്തിനാണ് ജിഎസ്‍ടിയെക്കുറിച്ച് ചോദിച്ചതെന്ന് പറഞ്ഞ് ഒരാള്‍ സംഗീതക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. സംഗീത തന്നെയാണ് ഈ സംഭവം മുഴുവന്‍ ഫോണില്‍ റെക്കോഡ് ചെയ്തത്. അതിനിടയില്‍ അടുത്തുള്ള ഒരാള്‍ ഫോണ്‍ കൈക്കലാക്കുന്നതിനിടയിൽ ഒരാൾ തന്നെ അടിച്ചെന്ന് സംഗീത പറയുന്നത് കേൾക്കാം.
അരി, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് എന്തിനാണ് ജിഎസ്ടി ഏർപ്പെടുത്തുന്നത് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നുവെന്നും യുവതി പറയുന്നു. “മോദിയുടെ ഭരണത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെട്ടുവെന്ന് അവർ വാദിക്കുകയായിരുന്നു. സാനിറ്ററി നാപ്കിനുകൾക്ക് എന്തിനാണ് ജിഎസ്ടി എന്നാണ് ഞാൻ ചോദിച്ചത്.താമസിയാതെ, മറ്റുള്ളവരും ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഞാൻ എൻ്റെ കടയിൽ തിരിച്ചെത്തി, കുറച്ച് കഴിഞ്ഞ് പത്ത് പേർ വന്നു. അവർ എന്നോട് അപകീർത്തികരമായി സംസാരിച്ചു, ചിന്നസാമി എന്ന വ്യക്തി എന്നെ ആക്രമിച്ചു'' സംഗീത പറഞ്ഞു. യുവതി വേളംപാളയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.