India
BJP people to not do politics on this incident says swati malival
India

'എന്റെ കേസ് വച്ച് ബിജെപി രാഷ്ട്രീയം കളിക്കരുത്'; സ്വാതി മലിവാൾ

Web Desk
|
17 May 2024 12:34 PM GMT

സംഭവത്തിൽ കെജ്‌രിവാളിനും എഎപിക്കുമെതിരെ ബിജെപി വ്യാപക പ്രതിഷേധം നടത്തുകയും വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോ​ഗിക്കുകയും ചെയ്യുന്നതിനിടെയാണ് സ്വാതിയുടെ പ്രതികരണം.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിൽ നിന്നും താൻ അതിക്രമം നേരിട്ട സംഭവത്തിൽ ബിജെപി രാഷ്ട്രീയം കളിക്കരുതെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സ്വാതി മലിവാൾ. ബിജെപിയോടുള്ള പ്രത്യേക അഭ്യർഥനയാണിതെന്നും താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് പൊലീസിന് മൊഴി നൽകിയെന്നും സ്വാതി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. സംഭവത്തിൽ കെജ്‌രിവാളിനും എഎപിക്കുമെതിരെ ബിജെപി വ്യാപക പ്രതിഷേധം നടത്തുകയും വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോ​ഗിക്കുകയും ചെയ്യുന്നതിനിടെയാണ് സ്വാതിയുടെ പ്രതികരണം.

'എനിക്കുണ്ടായത് വളരെ മോശം അനുഭവമാണ്. അത് സംബന്ധിച്ച് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അവർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും നാളുകൾ എന്നെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നു. എനിക്കൊപ്പം നിന്നവരോടും പ്രാർഥിച്ചവർക്കും നന്ദി. എന്നെ വ്യക്തഹത്യ ചെയ്യാൻ തുനിഞ്ഞവരുണ്ട്. മറ്റ് പാർട്ടികളുടെ നിർദേശപ്രകാരമാണ് ഞാനിങ്ങനെ ചെയ്യുന്നതെന്നൊക്കെ പറഞ്ഞവരുണ്ട്. അവർക്കും ദൈവം സന്തോഷം മാത്രം നൽകട്ടെ'.

'നമ്മുടെ രാജ്യത്ത് വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാൾ എന്ന വ്യക്തിയല്ല പ്രധാനം. രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാനം. എന്‍റെ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപിയോട് പ്രത്യേകമായി അഭ്യർഥിക്കുന്നു'- അവർ ട്വീറ്റ് ചെയ്തു.

അതേസമയം, സ്വാതി മലിവാളിന്‍റെ പരാതിയിൽ ബൈഭവ് കുമാറിനെതിരെ കേസെടുത്തു. കഴിഞ്ഞദിവസം എസിപിയുടെ നേതൃത്വത്തിൽ ഡൽഹി പൊലീസിലെ രണ്ടംഗസംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. സ്വാതിയെ എയിംസിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കെജ്‌രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് തന്നെ ബൈഭവ് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

സ്വാതിക്ക് ബൈഭവ് കുമാറിൽ നിന്നേൽക്കേണ്ടിവന്നത് ക്രൂരമായ ആക്രമണമെന്നാണ് എഫ്.ഐ.ആർ റിപ്പോർട്ട്. സ്വാതി​യുടെ വയറ്റിൽ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബൈഭവ് കുമാറിന് കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ രാവിലെ 11ന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയ ബൈഭവ് കുമാറിന്റെ അതിക്രമം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുന്നുണ്ട്.







Similar Posts