മധ്യപ്രദേശിൽ ഏകീകൃത സിവിൽകോഡ് മുഖ്യ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി
|മധ്യപ്രദേശിൽ ബി.ജെ.പി വിട്ട് നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്ക് എത്തുന്നത് തുടരുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജോതിരാധിത്യ സിന്ധ്യയുടെ വിശ്വസ്തരായ മൂന്ന് നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.
ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽകോഡ് മുഖ്യ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ബൂത്ത് തലത്തിൽ പ്രചാരണം ആരംഭിക്കാനാണ് പ്രവർത്തകർക്ക് മധ്യപ്രദേശിലെ ബി.ജെ.പി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ഗോത്ര മേഖലകളിൽ ഇന്ന് മുതൽ പ്രാദേശിക ബി.ജെ.പി നേതൃത്വം ഗൃഹസന്ദർശന പരിപാടികൾ ആരംഭിക്കും. അതിനിടെ ബി.ജെ.പി വിട്ട് നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്ക് എത്തുന്നത് തുടരുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജോതിരാധിത്യ സിന്ധ്യയുടെ വിശ്വസ്തരായ മൂന്ന് നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.
കർണാടകയിൽ തോറ്റതിന് പിന്നാലെ മധ്യപ്രദേശിലും പരാജയം മുൻകൂട്ടി കണ്ട ബി.ജെ.പി നേതൃത്വം വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഏകീകൃത സിവിൽകോഡ് പ്രചാരണായുധമാക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം സിവിൽകോഡ് വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ പരിശോധിച്ച് നിലപാടറിയിക്കാമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.