അൽഫോൺസ് കണ്ണന്താനത്തിന് സീറ്റില്ല; രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി
|ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്
ന്യൂഡൽഹി: ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി. പുറത്തിറക്കിയ പട്ടികയിൽ അൽഫോൺസ് കണ്ണന്താനത്തിന്റെ പേരില്ല. നിർമല സീതാരാമൻ കർണാടകയിൽ നിന്നും പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമൂഴം ലഭിച്ചേക്കുമെന്ന പ്രതീക്ഷ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അൽഫോൺസ് കണ്ണന്താനത്തിനുണ്ടായിരുന്നു.
രാജസ്ഥാനിൽ നിന്നാണ് രണ്ടായിരത്തിപ്പതിനേഴിൽ അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ എത്തിയത്. തുടർന്ന് കേന്ദ്ര ടൂറിസം വകുപ്പിൽ സഹമന്ത്രി. ഒന്നാം മോദി സർക്കാരിന്റെ കാലാവധി വരെയേ അൽഫോൺസ് കണ്ണന്താനത്തിന്റെ മന്ത്രി പദവിക്കും ആയുസ് ഉണ്ടായിരുന്നുള്ളൂ. രണ്ടായിരത്തിപ്പത്തൊൻപതിൽ പ്രഹ്ലാദ് സിംഗ് ജോഷി ടൂറിസം സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തു.
പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ23 സീറ്റുകളാണ് നിലവിൽ ബിജെപിയുടെ കൈവശം ഉള്ളത്. എന്നാൽ ഉത്തർപ്രദേശിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപി.